വധശ്രമക്കേസുകളിലടക്കം പ്രതി; ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ
text_fieldsതിരുവല്ല: വധശ്രമം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പിടിയിൽ. നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതി വാർഡ് മെമ്പർ ബീന സാമിൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ആക്രമിച്ച കേസിൽ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തിൽ നിന്നും ശനിയാഴ്ച പുലർച്ചയോടെ തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.
പൊലീസ് സംഘം ഒളിത്താവളം വളഞ്ഞതെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്റർ ഓളം പിൻതുടർന്ന ശേഷം അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഒന്നര വർഷം മുമ്പ് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മാവേലിക്കര സബ്ജയിൽ റിമാൻഡിൽ കഴിയവേ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയിൽ ചാടിയിരുന്നു. തുടർന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലിൽ അടച്ചത്. വിഷ്ണുവിന് എതിരെ തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകൾ നിലവിലുള്ളതായി ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.
ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപ്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏർപ്പെട്ടിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക സംഘാംങ്ങൾ ആയ സീനിയർ സിവിൽ പൊലീസ് ഓഫീസറന്മാരായ അഖിലേഷ്, മനോജ്, സി.പി.ഒ അഭിലാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കാപ്പ ചുമത്ത നാടുകടത്തുന്നത് അടക്കമുള്ള മേൽ നടപടികൾ സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.