വസ്തുവും വീടും സ്വന്തം പേരിൽ
text_fieldsചങ്ങനാശ്ശേരി: വസ്തുവും വീടും സ്വന്തം പേരിലാകുന്നതിന്റെ സന്തോഷത്തിലാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം രാജീവ് ഗാന്ധി ഹൗസിങ് കോളനിയിലെ 30 കുടുംബങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സർക്കാറിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃക്കൊടിത്താനം പഞ്ചായത്തിലെ 15ാം വാർഡിൽ സ്ഥിതി ചെയ്യുന്ന 30 കുടുംബങ്ങൾക്ക് സൗജന്യമായി ആധാരം നല്കാൻ സർക്കാർ തീരുമാനിച്ചത്.
രണ്ടര പതിറ്റാണ്ട് മുമ്പ് ഹൗസിങ് ബോർഡാണ് സ്ഥലവും വീടും ലഭ്യമാക്കിയത്. അന്ന് താൽക്കാലിക ഉടമസ്ഥാവകാശം മാത്രമായിരുന്നു. പിന്നീട് സ്വന്തമായി പണം മുടക്കി ആധാരം എഴുതി സ്ഥലവും വീടും സ്വന്തം പേരിലാക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം നൽകാൻ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടുകൾക്ക് നക്കൽ വിതരണം ചെയ്തു. ഇതോടെ ആറ് കുടുംബങ്ങൾ സ്വന്തമായി പണം മുടക്കി ആധാരം എഴുതിയിരുന്നു.
എന്നാൽ, മറ്റു 30 കുടുംബങ്ങൾക്ക് ഇതിനുള്ള തുക കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി സർക്കാർ ആധാരം നല്കുമെന്ന് പ്രഖ്യാപിച്ചത്. ഒരു വാർഡിലെ തന്നെ 30 കുടുംബങ്ങൾക്ക് സൗജന്യമായി ആധാരം നല്കുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്രയും കുടുംബങ്ങൾക്കും സ്വന്തമായി ആധാരം ലഭിക്കുന്നതോടെ ബാങ്കുകളിൽനിന്ന് ലോണുകൾ എടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി വീടും സ്ഥലവും ഉപയോഗപ്പെടുത്താം.
നൂറുദിന കർമ പരിപാടിയിൽ ആധാരം നല്കുന്നതിനായുള്ള പരിശോധനയുടെ ഭാഗമായി, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത ഓമനക്കുട്ടൻ, ചങ്ങനാശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഗീതകുമാരി, പായിപ്പാട് പഞ്ചായത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ അരുൺ ഗോപി, എസ്. രത്നകുമാർ എന്നിവർ വീടുകളിലെത്തി പരിശോധന നടത്തുകയും മാർച്ച് നാലിന് 30 കുടുംബങ്ങളെയും പങ്കെടുപ്പിച്ച് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.