മാമ്മൂടിനെ വിഴുങ്ങി മണ്ണുമാഫിയ
text_fieldsചങ്ങനാശ്ശേരി: നാട് മുഴുവൻ കൊടുംവരൾച്ചയെ നേരിടുമ്പോൾ മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂടിന്റെ ഉയർന്ന പ്രദേശങ്ങൾ മണ്ണുമാഫിയ കീഴടക്കുന്നു.
പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന കെട്ടിട നിർമാണ പെർമിറ്റുകളുടെ മറവിൽ മാമ്മൂടിന്റെ ജലസ്രോതസുകളായ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് എടുക്കാനാണ് മണ്ണ് മാഫിയ ശ്രമിക്കുന്നത്. ഇതിനെതിരെ മാമ്മൂട് തകിടി പ്രദേശത്തെ ആളുകൾ നിരന്തര സമരത്തിലാണ്. മണ്ണ് മാഫിയയുടെ വ്യാജ പരാതികളിൽ സ്ത്രീകളും കുട്ടികളും അടക്കം പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി മടുത്തു.
എന്തൊക്കെ സംഭവിച്ചാലും കുന്നിടിച്ച് നിരത്തിയുള്ള മണ്ണെടുപ്പ് അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് മണ്ണ് മാഫിയയുടെ നിരന്തര ഭീഷണി നാട്ടുകാർക്ക് നേരിടേണ്ടിവരുന്നു.
മാടപ്പള്ളി പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിലാണ് കെട്ടിട നിർമാണ അനുമതിയുടെ മറവിൽ മണ്ണെടുപ്പ് നടക്കുന്നത്.
മണ്ണെടുപ്പ് നടന്ന സ്ഥലങ്ങളിൽ പെർമിറ്റ് പ്രകാരമുള്ള നിർമാണവും നടന്നിട്ടില്ല. തകിടിയിലും വില്ല പ്രോജക്ട് എന്ന പേരിൽ പെർമിറ്റുകൾ നൽകിയിട്ടുണ്ട്. ഇവിടെയും മണ്ണെടുപ്പ് മാത്രമാണ് ലക്ഷ്യമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നടപടി എടുക്കാൻ പഞ്ചായത്തിനോ റവന്യൂ, പൊലീസ് അധികാരികൾക്കോ സാധിക്കുന്നില്ല.
ജനങ്ങളുമായി ഒത്തുതീർപ്പ് ഇല്ലാത്ത നിയമവിരുദ്ധമായ മണ്ണെടുപ്പ് അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മറ്റി നേതൃയോഗം വ്യക്തമാക്കി. നിയമവിരുദ്ധ മണ്ണെടുപ്പുമായി മുന്നോട്ടുപോയാൽ ജനങ്ങളെ കൂട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ജില്ല ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധീഷ് തോമസ് കൊച്ചേരി അധ്യക്ഷത വഹിച്ചു. ബിബിൻ വർഗീസ്, ഡെന്നിസ് ജോസഫ്, ജസ്റ്റിൻ പാറുകണിൽ, എം.എ.സജാദ്, ടോണി കുട്ടംപേരൂർ, സന്ദീപ്, റിസ്വാൻ, സിനോയ്, ഷെയിൻ പോൾസൺ ജെയ്സൺ, വിഷ്ണു, നിഖിൽ, ജിയോ, സോജി, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.