പ്രാർഥനയുടെ പേരില്‍ 33 ലക്ഷം തട്ടിയയാൾ പിടിയില്‍
text_fieldsചങ്ങനാശ്ശേരി: പ്രാർഥനയുടെ പേരില്‍ വീട്ടമ്മയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പൊലീസ് പിടിയില്‍. എറണാകുളം മരട് സ്വദേശി ഇപ്പോള്‍ പാമ്പാടി ആശാരിപ്പറമ്പില്‍ പൊന്നന് സിറ്റിയില്‍ വാടകക്ക് താമസിക്കുന്ന നോര്‍ബിന്‍ നോബിയാണ് (40) ആലപ്പുഴയില്‍ പൊലീസ് പിടിയിലായത്.
ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി റിട്ട. കോളജ് അധ്യാപികയുടെ(70) കൈയില്‍നിന്നുമാണ് പ്രാർഥന നടത്താമെന്ന് പറഞ്ഞ് 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്. പ്രാർഥന ചടങ്ങുകളില്‍ വെച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോര്‍ബിന്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും വീട്ടില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർഥനയില്‍ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. ഭര്‍ത്താവ് മരണപ്പെട്ട ഇവരുടെ രണ്ട് പെണ്മക്കള് കുടുംബമായി വിദേശത്താണ്. ഒരു പ്രാർഥനയ്ക്ക് 13,000 രൂപ വെച്ചും പത്തില്‍ കൂടുതല്‍ ആള്‍ക്കാരെ പ്രാർഥന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് 30,000 രൂപയുമാണ് വാങ്ങിയിരുന്നത്.
കൂടാതെ ഇവരുടെ ൈകയില്‍നിന്നും വായ്പയായിട്ടും പല തവണ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുവര്‍ഷം ഇങ്ങനെ തുടര്‍ന്നിട്ടും യാതൊരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മ തിരികെ പണം ചോദിച്ചത്. എന്നാല്‍, പലഅവധികള് പറഞ്ഞ് ഒടുവിൽ പൊലീസില്‍ പരാതി നല്കി. പൊലീസ് ഇടപെട്ടെങ്കിലും പ്രതി മുങ്ങി. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നോബിയെ കണ്ടെത്താനായില്ല. പിന്നീട് ചങ്ങനാശ്ശേരി കോടതിയില്‍ വീട്ടമ്മ പരാതി നല്കി. പ്രതിയെ ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെടുകയും നോബിെൻറ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആലപ്പുഴ കളര്‍കോടുള്ള ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാക്കി ഞായറാഴ്ച രാവിലെ അവിടെനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജില്ല പൊലീസ് മേധാവി ഡി.ശിൽപ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ ജോഫി എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി സി.ഐ ആസാദ് അബ്ദുള്‍ കലാം, എ.എസ്. ഐമാരായ രമേശ് ബാബു, ഷിജു കെ സൈമണ്‍, ആൻറണി മൈക്കിള്‍, സി.പി.ഒമാരായ ബിജു, തോമസ് സ്റ്റാന്‍ലി എന്നിവരാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.