അപകട വളവിൽ പതിയിരുന്ന് മോട്ടോർ വെഹിക്കിൾ പരിശോധന
text_fieldsചങ്ങനാശ്ശേരി: അപകട വളവിൽ പതിയിരുന്ന് മോട്ടോർ വെഹിക്കിൾ പരിശോധന വിവാദമാകുന്നു. ചങ്ങനശ്ശേരിയിൽ നിരന്തരം അപകടം സൃഷ്ടിക്കുന്ന കൊടുംവളവുകളിലാണ് രാപ്പകൽ പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇറങ്ങിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ ദുരിതമാകുന്നത്. വളവ് തിരിഞ്ഞ് വാഹനമെത്തുമ്പോൾ സ്ത്രീകൾ അടക്കമുള്ളവർ ഓടിച്ചുവരുന്ന ഇരുചക്രവാഹനങ്ങളുടെ മുന്നിൽ ചാടി വീണ് തടയുന്നതാണ് ഇവരുടെ രീതി. കുടുംബവുമായി എത്തുന്നവരെയും യുവതികളെയും വിദ്യാർഥികളെയുമാണ് കൂടുതലായി പരിശോധിക്കുന്നത്. നിയമങ്ങൾ കാറ്റിൽപ്പറത്തി മണ്ണും മണലും പാറയുമായി തലങ്ങും വിലങ്ങും പായുന്ന ടിപ്പർലോറികൾ അടക്കമുള്ള വാഹനങ്ങൾ ഇവർ പരിശോധിക്കാറില്ല. കുട്ടികളുമായി സ്കൂളുകളിൽ പോകുന്ന യുവതികൾക്കാണ് അനാവശ്യ പരിശോധനയിൽ ദുരിതം നേരിടുന്നത്.
അപകടമേഖലയായ മന്ദിരം, തുരുത്തി, തെങ്ങണ പെരുംതുരുത്തി ബൈപാസ്, റെയിൽവേ ജങ്ഷൻ, പെരുന്ന റെഡ് സ്ക്വയർ, എ.സി റോഡ്, ചങ്ങനാശ്ശേരി ബൈപാസിലെ അപകടമേഖലകൾ എന്നിവിടങ്ങളിലാണ് ഇരുചക്രവാഹന പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ് തമ്പടിക്കുന്നത്. ചെറുവാഹനങ്ങളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും അടക്കുന്ന പണത്തിന് രസീത് നൽകാതെ ലഭിക്കുന്ന പണം പരിശോധനസംഘത്തിെല ഉദ്യോഗസ്ഥർ വീതംവെച്ചെടുക്കുന്നതായി ആക്ഷേപമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിലെതന്നെ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.