നീലംപേരൂർ പൂരം പടയണി; പടയണിക്കളത്തിൽ തട്ടുകുടയെത്തി
text_fieldsചങ്ങനാശ്ശേരി: നീലംപേരൂർ പൂരം പടയണിയുടെ രണ്ടാംഘട്ടത്തിൽ കുട പടയണിയുടെ രണ്ടാംദിവസം പടയണിക്കളത്തിൽ തട്ടുകുടയെത്തി. കുടപ്പൂ പടയണിയുടെ ഭാഗമായി ഞായറാഴ്ച കുടപ്പൂമരം എത്തിയതിന് ശേഷമാണ് തിങ്കളാഴ്ച തട്ടുകുട എത്തിയത്. ചൊവ്വാഴ്ച പാറാവളയം എത്തും. തുടർന്ന് കുടപ്പൂമരങ്ങൾ ഒന്നിച്ച് ബുധനാഴ്ച പടയണിക്കളത്തിൽ എത്തുന്നതോടെ രണ്ടാംഘട്ടം സമാപിച്ച് മൂന്നാംഘട്ടത്തിലേക്ക് കടക്കും.
അവിട്ടംനാളിൽ ചൂട്ടുവെച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിയിൽ അഗ്നിക്ക് പിന്നാലെയാണ് നിറങ്ങളുടെ സാന്നിധ്യമായി ഞായറാഴ്ച മുതൽ കുടകൾ വന്നുതുടങ്ങിയത്. പടയണിക്കളത്തിൽ നിറങ്ങളുടെ സാന്നിധ്യമറിയിച്ച് കുടപ്പൂമരമാണ് ആദ്യം കളത്തിൽ എത്തിയത്. കുടകളുടെ പടയണിയിൽ തിങ്കളാഴ്ച പടയണിക്കളത്തിൽ തട്ടുകുട എത്തി. പെരുമത്തിന്റെ കൊമ്പിന്റെ ഇലകൾ മടക്കി അതിൽ വട്ടയില കുത്തിമറച്ചാണ് തട്ടുകുട നിർമിക്കുന്നത്. രാത്രി 10നാണ് തട്ടുകുട പടയണിക്കളത്തിൽ എത്തിയത്.
പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണിക്കോലങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. നീലംപേരൂർ പൂരം പടയണിയുടെ ആവേശക്കാഴ്ചയായ പുത്തൻ അന്നങ്ങളുടെ നിർമാണവും ക്ഷേത്രപരിസരത്ത് ആരംഭിച്ചു. തടിപ്പണികൾ പൂർത്തിയാക്കി ഇവ ക്ഷേത്രപരിസരത്ത് എത്തിച്ചുതുടങ്ങി. ഇതിന്റെ വരിച്ചിൽ ജോലികളും ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. പൂരം പടയണി ദിവസം നേർച്ചയായാണ് പുത്തൻ അന്നങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തുന്നത്. സന്താനസൗഭാഗ്യം, ജോലി തുടങ്ങി വിവിധ വിഷയങ്ങളിൽ വിശ്വാസികൾ കാര്യസ്വാധീനത്തിനും നന്ദി സൂചകമായാണ് വിശ്വാസികൾ പുത്തൻ അന്നങ്ങളെ ക്ഷേത്രനടയിൽ കാഴ്ചവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.