നീലംപേരൂർ പടയണി മൂന്നാം ഘട്ടത്തിലേക്ക്; ഇന്നുമുതൽ പ്ലാവില കോലങ്ങൾ എഴുന്നള്ളും
text_fieldsചങ്ങനാശ്ശേരി: അവിട്ടംനാളിൽ ചൂട്ടുവെച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിയിൽ അഗ്നിക്ക് പിന്നാലെ നിറങ്ങളും കഴിഞ്ഞതോടെ മൂന്നാംഘട്ടത്തിൽ വ്യാഴാഴ്ച മുതൽ പ്ലാവിലക്കോലങ്ങൾ എഴുന്നള്ളും. ഇനി പ്ലാവില കോർത്ത് നിർമിക്കുന്ന പ്ലാവിലക്കോലങ്ങളുടെ വരവാണ്. പ്ലാവിലക്കോലങ്ങൾക്ക് തുടക്കംകുറിച്ച് വ്യാഴാഴ്ച താപസക്കോലം പടയണിക്കളത്തിൽ എത്തും.
രണ്ടാം ഘട്ടത്തിന്റെ അവസാനമായി നടന്ന കുടനിർത്തൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. രാത്രി 10ന് തോത്താ കളിയും കുടംപൂജ കളിക്കും ശേഷമാണ് പൂമരങ്ങൾ ഒന്നിച്ച് എഴുന്നള്ളുന്നത്. പെരുമരത്തിന്റെ കൊമ്പിൽ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പുമരം, മുത്തുക്കുടയുടെ രീതിയിൽ അലങ്കരിച്ച തട്ടുകൂട, പച്ചമടൽ പോള കൊണ്ട് വളയമുണ്ടാക്കി പല തട്ടുകളായി കെട്ടിത്തൂക്കി മരക്കമ്പിൽ പൊക്കിയെടുക്കുന്ന പാറവളയം എന്നിവ ഒന്നിച്ച് എഴുന്നള്ളിയതോടെ പടയണിയുടെ രണ്ടാംഘട്ടം സമാപിച്ചു. രാത്രി 10ന് ക്ഷേത്രനടയിലും തുടർന്ന് ചേരമാൻ പെരുമാൾ സ്മാരകത്തിലും എത്തി അനുഞ്ജ വാങ്ങിയതിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
കല്യാണസൗഗന്ധികം തേടി ഭീമസേനൻ കൊടുംവനത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചകളാണ് നീലംപേരൂർ പൂരം പടയണിയിൽ കോലങ്ങളുടെ രൂപത്തിൽ പടയണിക്കളത്തിൽ എത്തുന്നത്.
പ്രകൃതിയുടെ അനുഗ്രഹത്തിനായി ഗ്രാമം നടത്തുന്ന അർച്ചനയാണ് നീലംപേരൂർ പടയണി. ദൈവഭക്തിയും കാർഷിക സംസ്കാരവും പ്രകൃതിയോടുള്ള ആരാധനയുമാണ് പടയണിയിൽ തെളിയുന്നത്. പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണിക്കോലങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. നീലംപേരൂർ പൂരം പടയണിയുടെ ആവേശക്കാഴ്ചയായ പുത്തൻ അന്നങ്ങളുടെ നിർമാണവും ക്ഷേത്രപരിസരത്ത് ആരംഭിച്ചു. തടിപ്പണികൾ പൂർത്തിയാക്കി ഇവ ക്ഷേത്ര പരിസരത്ത് എത്തിച്ചുതുടങ്ങി. ഇതിന്റെ വരിച്ചിൽ ജോലികളും ക്ഷേത്രപരിസരത്ത് ആരംഭിച്ചു. പൂരം പടയണി ദിവസം നേർച്ചയായാണ് പുത്തൻ അന്നങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തുന്നത്. സന്താന സൗഭാഗ്യം, ജോലി തുടങ്ങി വിവിധ വിഷയങ്ങളിൽ വിശ്വാസികൾ കാര്യസ്വാധീനത്തിനും നന്ദിസൂചകമായാണ് പുത്തൻ അന്നങ്ങളെ ക്ഷേത്രനടയിൽ കാഴ്ചവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.