റെയിൽ പാളത്തിന് സംരക്ഷണ ഭിത്തിയില്ല; മണ്ണിടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നു
text_fieldsചങ്ങനാശ്ശേരി: ഇരൂപ റെയിൽവേ ഗേറ്റിന് സമീപം 500 മീറ്ററോളം റെയിൽപാളത്തിന് സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം മണ്ണിടിഞ്ഞ് സമീപത്തെ കൈത്തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നതായി പരാതി. നഗരസഭ പതിനെട്ടാം വാർഡിലെ നാൽപതി പ്രദേശത്തെ നൂറോളം വീടുകളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
ബൈപാസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന കൈത്തോട് പായിപ്പാട് പഞ്ചായത്തിലെ വേഷ്ണാലിന് സമീപത്തെ തോട്ടിലേക്കാണ് ഒഴുകുന്നത്. കൈത്തോടിന്റെ അവസാന ഭാഗത്താണ് സംരക്ഷണഭിത്തി ഇല്ലാത്തത് മൂലം മണ്ണിടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നത്. ചെറിയ മഴ പെയ്യുമ്പോൾപോലും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്.നിരവധി തവണ റെയിൽവേ അധികൃതരുടെ മുമ്പാകെ ഈ വിഷയങ്ങൾ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ചതുപ്പ് പ്രദേശമായ ഇവിടെ നിരന്തരം മണ്ണിടിച്ചിൽ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. ഇത് ട്രെയിൻ ഗതാഗതത്തെപ്പോലും ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.