പായിപ്പാട്ട് താറാവുകൾ വീണ്ടും കൂട്ടത്തോടെ ചത്തു
text_fieldsചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ എട്ട്യാകരി- കൈപ്പുഴാക്കൽ പാടശേഖരത്തിന് സമീപം താറാവുകൾ വീണ്ടും കൂട്ടത്തോടെ ചത്തു. കഴിഞ്ഞ ദിവസമാണ് 3000 ഓളം താറാവുകളെ ചത്തനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചൊവ്വാഴ്ച 2000 ത്തിലധികം താറാവുകൾ ചത്തു. പക്ഷിപ്പനിയാണെന്നാണ് സംശയിക്കുന്നത്. താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ (മനോജ്) ഉടമസ്ഥതയിലുള്ള താറാവുകളാണ് കഴിഞ്ഞ ഞായറാഴ്ച ചത്തത്. ബാക്കി 15,000 താറാവുകളിൽ 2200 താറാവുകളെയും ചൊവ്വാഴ്ച രാവിലെ താറാവിൻ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. ഇവയെ സംസ്കരിക്കുകയും ചെയ്തു. ആദ്യ ദിവസം ഏട്ട് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെങ്കിൽ ചൊവാഴ്ച ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മനോജ് പറഞ്ഞു. ആരോഗ്യവകുപ്പ്, റവന്യു, മൃഗസംരക്ഷണ വകുപ്പ്, റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചത്ത താറാവുകളുടെ സാംപിൾ ഭോപ്പാലിലെ ലാബിലേക്ക് ഞായാറാഴ്ച തന്നെ അയച്ചെങ്കിലും ഫലം വന്നിട്ടില്ല.
പക്ഷിപ്പനി ഭീതി നിലനിൽക്കുന്നതിനാൽ താറാവ് ചത്ത പ്രദേശത്തിന്റെ ചുറ്റളവിലുള്ള ഒരു കിലോമീറ്റർ പ്രത്യേക സോണായി തിരിച്ചു. മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ഇവിടെനിന്ന് പക്ഷികൾ, മുട്ട, കാഷ്ടം തുടങ്ങിയവ പുറത്തേക്ക് കൊണ്ടു പോകുന്നത് നിരോധിച്ചിട്ടുണ്ട്. 18000 മുട്ടത്താറാവുകളെയാണ് ഔസേപ്പ് മാത്യു ഇവിടെ വളർത്തിയിരുന്നത്. രണ്ട് ദിവസങ്ങളിലായി ചത്ത 5200 താറാവുകളെ ഉദ്യോഗസ്ഥരെത്തി ശാസ്ത്രീയമായ മുൻകരുതൽ നടപടികളിലൂടെ സംസ്കരിച്ചു. ബാക്കിയുള്ള 13,000 താറാവുകളും സമാനമായ രീതിയിൽ രോഗ ബാധ പ്രകടിപ്പിക്കുന്നുണ്ട്. ഒരു മാസം മുമ്പ് വാഴപ്പള്ളി പഞ്ചായത്തിലും പക്ഷിപ്പനിയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.