നിലംപൊത്താറായ വീടും രോഗബാധിതരായ കുടുംബാംഗങ്ങളും; കുഞ്ഞമ്മ സമ്പന്നയാണ് സിവില്‍ സപ്ലൈസ് വകുപ്പിന്
text_fieldsചങ്ങനാശ്ശേരി: ഒരു മഴപെയ്താൽ വീടിനുചുറ്റും വെള്ളക്കെട്ടാവും. അടിത്തറയും ഭിത്തിയും വിണ്ടുകീറിയും മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് ചോര്‍ന്നൊലിച്ചും ഏതുനിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ് വീട്. വെട്ടുകല്ലില്‍ പണിത, തറപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വീട്ടിലാണ് പ്രാരാബ്ധങ്ങള്‍ക്കൊപ്പം കുഞ്ഞമ്മയുടെ താമസം.
ഹൃദ്രോഗിയായ ഈ വീട്ടമ്മക്ക് കൂട്ടിന് സോറിയാസിസ് ബാധിതരായ ഭര്‍ത്താവും മകനും. പക്ഷേ, കുറിച്ചി പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മൂലംകുന്നത്ത് കുഞ്ഞമ്മ സിവില്‍ സപ്ലൈസ് വകുപ്പിന് സമ്പന്നയാണ്. മുമ്പ് ബി.പി.എല്‍ കാര്‍ഡുടമയായിരുന്ന ഈ സ്ത്രീക്ക് പുതുതായി ലഭിച്ചത് എ.പി.എല്‍ കാര്‍ഡാണ്. ഇതുമൂലം സൗജന്യ റേഷനോ ആശുപത്രികളില്‍ സൗജന്യ ചികിത്സയോ സര്‍ക്കാറിെൻറ ആനൂകൂല്യങ്ങളോ ലഭ്യമാകുന്നില്ല.
വീടിന് അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തില്‍ അപേക്ഷിച്ചിട്ടും എ.പി.എല്‍ കാര്‍ഡിെൻറ പേരില്‍ നിരസിച്ചു. പഴയതുപോലെതന്നെ ബി.പി.എല്‍ കാര്‍ഡ് ആക്കിത്തരണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഓഫിസില്‍ 2017 മുതല്‍ ഓരോ വര്‍ഷവും അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് കുഞ്ഞമ്മ പറയുന്നു.
ഓരോ പ്രാവശ്യവും സപ്ലൈ ഓഫിസില്‍ ചെല്ലുമ്പോള്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ നിർദേശിക്കുന്നത്.
മൂന്നുവര്‍ഷത്തിനിടയില്‍ ഇതിനകം മൂന്ന് അപേക്ഷ സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയായ മകന്‍ ഉള്ളതുകൊണ്ടാണ് ബി.പി.എല്‍ കാര്‍ഡാക്കാന്‍ തടസ്സമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍, സോറിയാസിസ് അസുഖബാധിതനായ മകന് ജോലിക്ക് പോകാന്‍പോലും കഴിയുന്നില്ല. അവസാന ആശ്രയമെന്ന നിലയില്‍ ഭക്ഷ്യമന്ത്രിയെ നേരിട്ട് വിളിച്ച് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ദയാദാക്ഷണ്യത്തിനായി കാത്തിരിക്കാന്‍ നിർദേശിച്ച് അദ്ദേഹവും കൈയൊഴിഞ്ഞു.
അനര്‍ഹർ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുമ്പോള്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പിെൻറ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.