റോഡിനു കുറുകെ വൈദ്യുതി പോസ്റ്റും ലൈനും നിലംപതിച്ചു; വന്‍ ദുരന്തം ഒഴിവായി
text_fieldsചങ്ങനാശ്ശേരി: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ വാഴൂര്‍ റോഡില്‍ തെങ്ങണയില്‍ വൈദ്യുതി പോസ്റ്റും ലൈനും റോഡിനു കുറുകെ നിലംപതിച്ചു. വന്‍ ദുരന്തം ഒഴിവായി. കെ.എസ്.ഇ.ബിക്ക് 70,000 രൂപയുടെ നാശനഷ്ടം.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഏറ്റവും തിരക്കേറിയ സമയത്താണ് അപകടം. ഈസമയത്ത് വാഹനങ്ങളൊന്നും കടന്നു പോവാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. വൈദ്യുതി ലൈനുകള്‍ യാത്രക്കാരുടെ മുകളിലേക്ക് വീഴാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ പെരുമ്പനച്ചി കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിക്കുകയായിരുന്നു. മണിക്കൂറുകളോളം വാഴൂര്‍ റോഡില്‍ ഗതാഗതം മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഉപവഴികളിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്.
പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നെടുംകുന്നം ജല അതോറിറ്റിയില്‍നിന്ന് എത്തിയ കരാറുകാര്‍ കെ.എസ്.ഇ.ബിയെ അറിയിക്കാതെയാണ് ജോലികള്‍ നടത്തിയത്. വൈകീട്ടോടെയാണ് പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചത്. സംഭവത്തില്‍ കേസ് നല്‍കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.