ഓർമകളുടെ നൂലിഴയിൽ പ്രേംനസീർ; നൈലോൺ നൂലിൽ കൂറ്റൻ ഇൻസ്റ്റലേഷൻ നിർമിച്ച് എസ്. ബി കോളജ്
text_fieldsചങ്ങനാശ്ശേരി: എസ്.ബി കോളജിന്റെ നടുമുറ്റത്ത് ഇനി പ്രേംനസീറുണ്ടാകും. 35 കിലോമീറ്ററോളം നീളമുള്ള നൈലോൺ നൂലിൽ നിർമിച്ച ത്രെഡ് ആർട്ട് ചലച്ചിത്ര നടനും നിർമാതാവുമായ പ്രേംപ്രകാശും നടൻ കൃഷ്ണപ്രസാദും ചേർന്ന് പ്രകാശനം ചെയ്തു.
മനോജ് കൊടുങ്ങല്ലൂരാണ് ഇൻസ്റ്റലേഷൻ നിർമിച്ചത്. നൈലോൺ നൂലും വെള്ള പോളിത്തീൻ ഷീറ്റും നൂല് മണ്ണിൽ ഉറപ്പിക്കുന്ന ഏതാനും കമ്പികളും മാത്രമാണ് നിർമാണ സാമഗ്രികൾ. നിലത്തുനിന്നുനോക്കിയാൽ നൂലിഴകളുടെ നെയ്ത്ത് മാത്രമേ കാണാൻ സാധിക്കൂ. മുകളിൽ നിന്ന് നോക്കിയാൽ മാത്രമേ മലയാളത്തിന്റെ നിത്യഹരിതനായകനെ ദൃശ്യമാകൂ.
മുകളിൽനിന്ന് വീക്ഷിക്കാൻ വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്. നസീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എസ്.ബിയിലെ പഠനകാലം. 1951ൽ എസ്.ബിയിലെ ഷേക്സ്പിയർ തിയറ്റർ അവതരിപ്പിച്ച 'മർച്ചന്റ് ഓഫ് വെനീസി'ലെ ഷൈലോക്കിന്റെ വേഷം പിന്നീട് പ്രേംനസീർ ആയി അറിയപ്പെട്ട അബ്ദുൽ ഖാദറിനായിരുന്നു.
പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇൻസ്റ്റലേഷൻ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.