മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂർഖൻ; പത്തി വിടർത്തി ചീറ്റിയ മൂർഖനെ പ്രതിരോധിച്ച് കീരികൾ - വിഡിയോ
text_fieldsചങ്ങനാശ്ശേരി: മൂന്നു ദിവസങ്ങളായി മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂർഖൻ. പത്തി വിടർത്തി ചീറ്റി ഭീതി പരത്തിയ കരിമൂർഖനെ കീരികൾ പ്രതിരോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനു സമീപം മലേക്കുന്ന് ഭാഗത്ത് പറക്കവെട്ടി നജീബിന്റെ പുരയിടത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കരിമൂർഖനെ കണ്ടത്. രണ്ട് കീരികൾക്ക് നേരെ ചീറ്റി ശബ്ദമുണ്ടാക്കുകയായിരുന്ന മൂർഖനെ വഴിയാത്രക്കാരായിരുന്നു കണ്ടത്.
പത്തിവിടർത്തി ഉയർന്നു പൊങ്ങിയ കരിമൂർഖനു മുമ്പിലൂടെ ചുറ്റിനടന്ന കീരിക്കു നേരെ വലിയ ശബ്ദത്തിലാണ് മൂർഖൻ ചീറ്റിയത്. ഇത് കണ്ട് വീട്ടുകാരും നാട്ടുകാരും തടിച്ചു കൂടി. ഇവർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും മൂർഖൻ കീരികളേ പേടിച്ച് സമീപത്തുണ്ടായിരുന്ന പുരയിടത്തിലെ മാളത്തിൽ ഒളിച്ചു.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും നാട്ടുകാരു വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മൂർഖനെ കണ്ടെത്താനായില്ല. പിന്നീട് ചൊവാഴ്ച കുളത്തിൽപറമ്പിൽ ഹാഷിമിന്റെയും ഹാരീഷിൻ്റെയും വീടിനോട് ചേർന്ന് രാത്രി പത്തു മണിയോടെ വീണ്ടും മൂർഖനെ കണ്ടു. ഇതോടെ മൂർഖൻ ഒളിച്ച സ്ഥലത്തെ കുഴിക്ക് സമീപം നാട്ടുകാർ വലയിടയുകയും രാത്രി മുഴുവൻ കാവൽ ഇരിക്കുകയും ചെയ്തു
സമീപ പ്രദേശത്തെ കാടു കയറിയ ചുറ്റുപാടുകൾ ജെ.സി.ബി ഉപയോഗിച്ച് തെളിക്കുന്ന പ്രവർത്തിയിൽ ആണ് നാട്ടുകാർ. മൂർഖൻ്റെയും കീരികളുടെയും വിഡിയോ പ്രചരിച്ചതോടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിൽ ആണ്. ഇതുവരെ പാമ്പിനെ കണ്ടെത്താനായിട്ടില്ല. സമീപകാലത്ത് പ്രദേശത്ത് കൂടുതലായി കീരികളെ കാണുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.