ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് നടപടി
text_fieldsചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എ.സി.പി) നിർമിക്കാൻ നടപടി. ഒന്നരക്കോടി രൂപയിലേറെ ചെലവഴിച്ചാണ് മലിനജല ശുദ്ധീകരണ സംവിധാനം ഒരുക്കുന്നത്. നാഷനൽ ഹെൽത്ത് മിഷന്റെ ചുമതലയിലാണ് പദ്ധതി നടപ്പാക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, മലിനജലം ശുദ്ധീകരിക്കുകയും മലിന പദാർഥങ്ങൾ വേർതിരിച്ചെടുക്കുകയും ശുദ്ധീകരിച്ച വെള്ളം പൊതു ആവശ്യത്തിന് വീണ്ടും ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. ഇത്തരത്തിലുള്ള സൗകര്യം നിലവിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ഇല്ല. 125 കിലോലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്.
ആശുപ്രതിയിൽ പരമാവധി 277 കിടക്കകളിൽ വരെ രോഗികൾ ഉണ്ടാകാവുന്ന സാഹചര്യം കണക്കാക്കിയാണ് സംഭരണശേഷി ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനത്തിൽ എത്തിയത്. പ്ലാന്റിലൂടെ ശുദ്ധീകരിച്ച് എടുക്കുന്ന വെള്ളം ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. മാലിന്യ സംസ്കരണം സുഗമമാക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.സി.പിയിൽനിന്നുള്ള ശുദ്ധീകരിച്ച വെള്ളം പ്രയോജനപ്പെടുത്തുന്നതിലൂടെ ഭൂഗർഭജലത്തിന്റെ ഉപയോഗം കുറക്കാനും സഹായകരമാകുമെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.