അയിത്തുമുണ്ടകത്തിലെ കർഷകർക്കിത് കണ്ണീരോണം
text_fieldsചങ്ങനാശ്ശേരി: ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പായിപ്പാട് അയിത്തുമുണ്ടകം പാടത്തെ കർഷകർക്കിത് കണ്ണീരോണം. പായിപ്പാട് പഞ്ചായത്തിലെ കീഴിലെ പൊന്നുവിളയുന്ന 250 ഏക്കർ പച്ചക്കറിപ്പാടമാണ് കർഷകരുടെ കണ്ണീർപ്പാടമായി ഇക്കൊല്ലം മാറിയത്.
20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് കർഷകരുടെ കണക്ക്. ഈമാസം ആദ്യമുണ്ടായ പെരുമഴയിൽ വെള്ളം കുതിച്ചെത്തി പാടം ദിവസങ്ങളോളം മുങ്ങിയതാണ് കൃഷി പൂർണമായും നശിക്കാൻ ഇടയാക്കിയത്.
വാഴ, പയർ, പടവലം, പാവൽ, കോവൽ, ചീര, കപ്പ എന്നിവയാണ് ഇവിടുത്തെ പ്രധാനകൃഷി. ജോൺസൺ അടവിച്ചിറയുടെ കപ്പകൃഷിയുടെ നഷ്ടക്കണക്ക് മൂന്ന് ലക്ഷമാണ്. പാട്ടമെടുത്തതും ഉൾപ്പെടെ നാല് ഏക്കറിലാണ് ഇദ്ദേഹം കൃഷിയിറക്കിയത്. കുറഞ്ഞത് ഒന്നര ലക്ഷമെങ്കിലും നഷ്ടമില്ലാത്തവരില്ലെന്നും കർഷകർ പറയുന്നു.
ഏക്കറിന് 30,000 രൂപവരെ പാട്ടം നൽകിയാണ് പലരും കൃഷി ചെയ്യുന്നത്. പ്രദീപ്, ജോസ് തുണ്ടി, സണ്ണിച്ചൻ കരിമ്പിൽ, കുഞ്ഞുമോൻ നല്ലൂർ, തങ്കച്ചൻ പ്ലാപ്പള്ളി, ജോസ് കുറുക്കൻകുഴി, പീതാംബരൻ തുടങ്ങി ഇരുപത്തഞ്ചോളം കർഷകരാണ് പതിവായി കൃഷിയിറക്കുന്നത്.
365 ദിവസവും കൃഷിയുള്ള ഈപാടത്തുനിന്ന് ചങ്ങനാശ്ശേരി, തിരുവല്ല, മല്ലപ്പള്ളി, കോട്ടയം ചന്തകളിലാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. ജനുവരിയിൽ ഒരുക്കം തുടങ്ങിയ കൃഷിയിടമാണ് ആഗസ്റ്റിൽ വെള്ളത്തിലായത്. ജലസേചനത്തിനുള്ള തോട് കരകവിഞ്ഞതാണ് കാരണം.
1500 മീറ്ററുള്ള അയിത്തുമുണ്ടകം തോട് വർഷങ്ങളായി ചളിനീക്കുകയും നവീകരിക്കുകയും ചെയ്യാത്തതാണ് പ്രശ്നം. പായിപ്പാട് പഞ്ചായത്ത് 2,30,000 അനുവദിച്ചതായി അറിയിെച്ചങ്കിലും പണി നടന്നില്ലെന്നാണ് പരാതി. ഈ തുകകൊണ്ട് 250 മീറ്റർ ഭാഗം മാത്രമാണ് നവീകരിക്കാൻ പദ്ധതിയെന്നും ഇത് അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാടശേഖര സമിതിയെ നിർമാണം ഏൽപിച്ചാൽ സമയബദ്ധിതമായും കൂടുതൽ പ്രവൃത്തിചെയ്യാനും സാധിക്കുമെന്നും ഇവർ പറയുന്നു. വർഷകാലത്ത് കൃഷി നശിച്ച് തുച്ഛമായ നഷ്ടപരിഹാരമല്ല തങ്ങൾക്കാവശ്യമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നുമാണ് കർഷകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.