റവന്യൂ ജില്ല ശാസ്ത്രമേളക്ക് ചങ്ങനാശ്ശേരിയിൽ തുടക്കം
text_fieldsചങ്ങനാശ്ശേരി: റവന്യൂ ജില്ല ശാസ്ത്രമേളക്ക് ചങ്ങനാശ്ശേരിയിൽ തുടക്കമായി. മേള ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സമിതി ചെയർപേഴ്സൻ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, കൗൺസിലർ ജോമി ജോസഫ്, വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോൾ, ചങ്ങനാശ്ശേരി എ.ഇ.ഒ സോണി പീറ്റർ, എസ്.ബി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യൂസ്, ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ , സെന്റ് ആൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസിയ, വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംസാരിച്ചു.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളുടെ പ്രവൃത്തിപരിചയ, ഐ.ടി മേളകൾ എസ് .ബി ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്രമേള സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലും നടന്നു. 2400 വിദ്യാർഥികൾ ചൊവ്വാഴ്ച വിവിധ മേളകളിൽ പങ്കെടുത്തു. ബുധനാഴ്ച എസ്.ബി ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, ഐ.ടി മേളകളും സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ സാമൂഹികശാസ്ത്ര മേളയും നടക്കും വൈകീട്ട് നാലിന് വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും.
ഒന്നാംസ്ഥാനത്ത് പോരാട്ടം തുടർന്ന് പാലായും കുറവിലങ്ങാടും
ചങ്ങനാശ്ശേരി: ജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളയുടെ ഒന്നാംദിവസം പിന്നിട്ടപ്പോൾ 777 പോയന്റ് വീതംനേടി പാലായും കുറവിലങ്ങാടും പോരാട്ടം തുടരുന്നു. 728 പോയന്റുമായി ഈരാട്ടുപേട്ട തൊട്ടുപിന്നിലുണ്ട്. പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി 664 പോയന്റുമായി ചങ്ങനാശ്ശേരിയും 641 പോയന്റുമായി ഏറ്റുമാനൂരും യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.
സ്കൂൾതലത്തിൽ 326 പോന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബഹുദൂരം മുന്നിലാണ്. 249 പോയന്റുമായി നസ്രത്ത് ഹിൽ ഡിപോൾ എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 172 പോയന്റുമായി പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്തുമുണ്ട്. നാലാമതുള്ള ചങ്ങനാശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസിന് 168 പോയന്റും അഞ്ചാമതുള്ള തീക്കോയി സെന്റ് മേരീസ് എച്ച്.എസ്.എസിന് 155 പോയന്റുമുണ്ട്.
ഗണിതശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയും ആനിക്കാട് സെന്റ് തോമസ് എച്ച്.എസും ഒന്നാമതെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ ഏറ്റുമാനൂരും ഈരാട്ടുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസും ഒന്നാമതുണ്ട്. പ്രവൃത്തിപരിചയമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഈരാറ്റുപേട്ടയും നസ്രത്ത് ഹിൽ ഡീപോൾ എച്ച്.എസ്.എസും കരുത്തുകാട്ടിയപ്പോൾ എച്ച്.എസ്.എസ് വിഭാഗത്തിൽ പാലായും പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസും ഒന്നാംസ്ഥാനം സ്വന്തമാക്കി. ഐ.ടി മേളയിൽ വിഭാഗത്തിൽ കറുകച്ചാലും നെടുംകുന്നം സെന്റ് തെരേസാസ് എച്ച്.എസ്.എസുമാണ് ഒന്നാമത്. എച്ച്.എസ്.എസ് വിഭാഗത്തിൽ കുറവിലങ്ങാടും ഈരാട്ടുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസും കുതിച്ചു. ബുധനാഴ്ച എസ്.ബി ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര- ഐടി മേളകളും സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ സാമൂഹികശാസ്ത്രമേളയും നടക്കും.
ജില്ലയിലെ 13 ഉപജില്ലകളിൽനിന്നായി എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 3500ൽപരം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥി പ്രതിഭകൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.
മേളയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ പ്രദർശനം പൊതുജനങ്ങൾക്ക് ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെ കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
മേളയുടെ സമാപനസമ്മേളനം ബുധനാഴ്ച വൈകീട്ട് നാലിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഓവറോൾ കരസ്ഥമാക്കുന്ന ഉപജില്ലകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
പാംലീവ്സ് ഉൽപന്നനിർമാണം: ആദില ഒന്നാമത്
ചങ്ങനാശ്ശേരി: ജില്ല ശാസ്ത്രമേളയിൽ പാംലീവ്സ് ഉപയോഗിച്ചുള്ള ഉൽപന്ന നിർമാണ വിഭാഗത്തിൽ ഒന്നാമതെത്തി ആദില ഷെബീർ. ഓലയിൽ കളർചെയ്ത കൊട്ട, ചെറിയ മുറം, ടേബിൾ മാറ്റ്, ബാഗ് തുടങ്ങിയവയാണ് ആദില നിർമിച്ചത്. വളരെ ആകർഷകമായിട്ടാണ് ഓലയിൽ ആദില കരവിരുത് തീർത്തത്. ഈരാറ്റുപേട്ട മുസ്ലിം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ഈരാറ്റുപേട്ട സ്വദേശി പി.എച്ച്. ഷെബീറിന്റെയും വി.ഐ. റഷീദയുടെയും മകളാണ്.
നിവേദ്യ കൃഷ്ണൻ വെജിറ്റബിൾ പ്രിന്റിങ്ങിൽ ഒന്നാമത്
ചങ്ങനാശ്ശേരി: ജില്ല ശാസ്ത്രമേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ മികച്ച പ്രകടനവുമായി ഒന്നാംസ്ഥാനം നേടി നിവേദ്യ കൃഷ്ണൻ. കിഴങ്ങ്, കാരറ്റ് എന്നിവയിൽ മോൾഡ് തീർത്ത് അവ തുണിയിൽ ചായംമുക്കി മനോഹരമായ ഡിസൈനുകൾ തീർത്താണ് ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനി നിവേദ്യ കൃഷ്ണൻ ഒന്നാമതെത്തിയത്. പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങും നടത്തി ശ്രദ്ധയാകർഷിച്ചുള്ള നിവേദ്യയുടെ ചിത്രപ്രദർശനം കഴിഞ്ഞദിവസം കോട്ടയത്ത് നടത്തിയിരുന്നു. സഹോദരൻ നവനീതും ചിത്രകാരനാണ്. വാഴപ്പള്ളി സ്വദേശി അനൂപ് നമ്പൂതിരിയുടെയും ഉമാദേവിയുടെയും മകളാണ്.
പേപ്പറിൽ പൂക്കളുടെ വസന്തംതീർത്ത് അദ്വിക ഗിരീഷ്
ചങ്ങനാശ്ശേരി: പേപ്പറിൽ പൂക്കളുടെ വസന്തം തീർത്ത് അദ്വിക ഗിരീഷ്. ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിലാണ് ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി അദ്വിക വർണാഭമായ പൂക്കൾ കൊണ്ട് വിസ്മയം തീർത്തത്.
സബ് ജില്ല തലത്തിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. നാലാംക്ലാസ് മുതൽ പേപ്പർ ക്രാഫ്റ്റ് ചെയ്തുവരികയാണ്. നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി. ഗിരീഷിന്റെയും തൃക്കൊടിത്താനം വി.ബി.യു.പി സ്കൂൾ അധ്യാപിക ഷൈമയുടെയും മകളാണ്. ചങ്ങനാശ്ശേരി എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അശ്വിൻ ഗിരീഷ് സഹോദരനാണ്.
പാഴ്വസ്തുക്കളിൽനിന്ന് താജ്മഹലും കുത്തബ്മിനാറും
ചങ്ങനാശ്ശേരി: പാഴ്വസ്തുക്കളിൽ കരവിരുത് തീർത്ത് ലിറ്റി. ഇൻസുലിൻ ബോട്ടിലുകളാൽ താജ്മഹൽ, പത്രങ്ങൾകൊണ്ട് കുത്തബ്മിനാർ, കാർഡ്ബോർഡിൽ നിർമിച്ച ഗിത്താർ, കുപ്പികൾ കൊണ്ട് പീരങ്കി, സ്പൂണുകളിൽ നിർമിച്ച അസ്ഥികൂടം തുടങ്ങി ആരെയും വിസ്മയിപ്പിക്കുന്ന നിർമിതികളാണ് എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി ലിറ്റി ഷാജിയുടെ കരവിരുതിൽ നിർമിച്ചത്. പാഴ്വസ്തുക്കൾകൊണ്ടുള്ള നിർമാണം എച്ച്.എസ്.എസ് വിഭാഗം മത്സരത്തിലാണ് ലിറ്റിയുടെ പ്രകടനം ശ്രദ്ധേയമായത്. കഴിഞ്ഞ തവണ ജില്ലയിൽ രണ്ടാംസ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും ലിറ്റി നേടിയിട്ടുണ്ട്. മുക്കൂട്ടുതറ കിഴക്കേടത്ത് ഷാജി ഫിലിപ്പോസിന്റെയും (കെ.എസ്.ആർ.ടി.സി ഡ്രൈവർ) അമ്പിളി ഷാജിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.