സ്വയം പര്യാപ്ത ഗ്രാമം പദ്ധതി: സചിവോത്തമപുരത്ത് 86 ലക്ഷം ചെലവിട്ട കെട്ടിടങ്ങൾ അനാഥം
text_fieldsചങ്ങനാശ്ശേരി: പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി സചിവോത്തമപുരം കോളനിയില്‍ പണിത കെട്ടിടങ്ങള്‍ നശിക്കുന്നു. 10 വര്‍ഷമായി വെറുതെ കിടക്കുന്ന നാലു കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ കാടുവളര്‍ന്നു. പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മാറിവന്ന സര്‍ക്കാറിലും എം.എല്‍.എക്കും കോളനി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പട്ടികജാതി-ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം നിരാശജനകമാണെന്ന് കോളനി അസോ. ഭാരവാഹികൾ പറഞ്ഞു. 2012-13ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ ഏതെങ്കിലും ഒരു പട്ടികജാതി കോളനി അതത് നിയോജകമണ്ഡലത്തിലെ എം.എല്‍.എമാര്‍ ഏറ്റെടുത്താണ് പദ്ധതിക്ക് രൂപംനല്‍കിയത്.
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍പ്പെട്ട സചിവോത്തമപുരം കോളനിയെയാണ് അന്നത്തെ എം.എല്‍.എ സി.എഫ്. തോമസ് നിര്‍ദേശിച്ചത്. പ്രവര്‍ത്തനോദ്ഘാടനം അന്നത്തെ പട്ടികജാതി ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ 2012 ആഗസ്റ്റില്‍ നിര്‍വഹിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കെട്ടിടങ്ങള്‍ നിര്‍മിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. പട്ടികജാതി വികസനവകുപ്പിന്റെ സ്ഥലത്താണ് കെട്ടിടങ്ങള്‍. ഒരു നിലയിലുള്ള നാലു കെട്ടിടങ്ങള്‍ പണിതുയര്‍ത്താൻ 86 ലക്ഷം രൂപ ചെലവഴിച്ചു.
ഒരു മൊബൈല്‍ മോര്‍ച്ചറിയും റെഡിമെയ്ഡ് വസ്ത്രനിർമാണ യൂനിറ്റിനായി 15 തയ്യല്‍മെഷീനുകള്‍ വേണ്ടിടത്ത് നാലു തയ്യല്‍മെഷീനുകളും വാങ്ങി. കമ്പ്യൂട്ടര്‍ പഠനത്തിനായി കമ്പ്യൂട്ടറും സ്‌പൈസസ് യൂനിറ്റിനായി സാധനങ്ങള്‍ പൊടിക്കുന്ന മെഷീനും വെല്‍ഡിങ് മെഷീനും വാങ്ങിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ഈ സാധനങ്ങളെല്ലാം ഉപയോഗശൂന്യമായി. ത്രീഫേസ് ലൈനുകള്‍ വലിച്ച് വൈദ്യുതി ലഭ്യമാക്കിയെങ്കിലും പദ്ധതികള്‍ നിലച്ചതോടെ കുടിശ്ശിക വന്ന് കെ.എസ്.ഇ.ബി ഇത് കട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.