കണക്ഷൻ ബോക്സുകളിൽ ഷോർട്ട് സർക്യൂട്ട്; നാലിടത്ത് തീപിടിത്തം
text_fieldsചങ്ങനാശ്ശേരി: നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി നാലിടത്ത് തീപിടിത്തം. മണിക്കൂറുകൾ ഇടവിട്ടാണ് വ്യാഴാഴ്ച പുലർച്ച മുതൽ ഉച്ചവരെ നാലിടത്ത് തീപിടിത്തം ഉണ്ടായത്. പുലർച്ച അഞ്ചിന് ചങ്ങനാശ്ശേരി റെയിൽവേ ബൈപാസ് ജങ്ഷനിലെ വൈദ്യുതി പോസ്റ്റിനു തീപിടിച്ചു. രാവിലെ എട്ടിന് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ മറ്റം ഭാഗത്ത് റിസ്വാൻ അപ്പാർട്മെൻറിനു സമീപത്തെ വൈദ്യുതി പോസ്റ്റിലും ഉച്ചക്ക് 12ഓടെ മാർക്കറ്റ് റോഡിൽ വെട്ടിത്തുരുത്ത് ഭാഗത്തും പിന്നീട് പെരുന്ന റോഡിലെ വൈദ്യുതി പോസ്റ്റിലുമാണ് തീപിടിച്ചത്. നാലിടത്തും ചങ്ങനാശ്ശേരി അഗ്നിശമന സേന അംഗങ്ങൾ എത്തിയാണ് തീയണച്ചത്. പോസ്റ്റുകളിലെ കേബിളുകളും മറ്റ് കണക്ഷൻ കേബിളുകളും പൂർണമായി കത്തിനശിച്ചു.
നാലിടത്തും മറ്റിടങ്ങളിലേക്ക് തീപടർന്നുപിടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കി. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന ഗ്രേഡ് എസ്.എഫ്.ആർ.ഒ അഭിലാഷ് കുമാർ, എഫ്.ആർ.ഒ ഡ്രൈവർ ബിജു, എഫ്.ആർ.ഒമാരായ ഷുഹൈബ്, ജസ്റ്റിൻ, സമിൻ, വിവേക് എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി. കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകളിൽ പുതുതായി സ്ഥാപിച്ച കണക്ഷൻ ബോക്സുകളിൽ ഷോർട് സർക്യൂട്ട് ഉണ്ടാകുന്നതാകാം തീപിടിത്തത്തിന് ഇടയാക്കുന്നതെന്ന് അഗ്നിരക്ഷാന സേന ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്ക് മുമ്പും സമാന രീതിയിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ തീപിടിത്തം ഉണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റുകളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുളവാക്കുന്നുണ്ട്. കത്തിനശിക്കുന്ന ബോക്സുകൾ യഥാസമയം മാറ്റി പുതിയവ സ്ഥാപിക്കുന്നുണ്ടെന്ന് ചങ്ങനാശ്ശേരി കെ.എസ്.ഇ.ബി സെക്ഷൻ എ.ഇ പറഞ്ഞു. ലൂസ് കോൺടാക്ടും ബോക്സുകളിൽ മഴവെള്ളം ഇറങ്ങിയതുമാവാം തീപിടിത്തത്തിന് ഇടയാക്കുന്നത്. എല്ലാ ബോക്സുകളും ഒരുപോലെ മാറ്റുക എന്നത് പ്രയാസകരമാണെന്നും എ.ഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.