അപകടക്കെണിയായി നടപ്പാതകൾ
text_fieldsചങ്ങനാശ്ശേരി: നഗരത്തിലെ ഇന്റർലോക്ക് പാകിയ നടപ്പാതകള്‍ തകര്‍ന്ന് അപകടഭീഷണി ഉയർത്തുന്നു. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനഭാഗമായിട്ടാണ് നടപ്പാതകള്‍ ഇന്റര്‍ലോക്ക് പാകി സഞ്ചാരയോഗ്യമാക്കിയത്. നടപ്പാതകളിലെ ഇന്റര്‍ ലോക്ക് കട്ടകള്‍ പലതും മാസങ്ങൾക്കുള്ളിൽ തന്നെ ഇളകി തുടങ്ങിയിരുന്നു.
എസ്.ബി കോളജ് മുതൽ പെരുന്നവരെ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുകയാണ്. പലയിടത്തും ഈഭാഗത്ത് പുല്ല് കിളിർത്തുതുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കാല് കുഴിയില്‍ അകപ്പെട്ട് പരിക്കേൽക്കുന്നതായി പരാതിയുണ്ട്. നടപ്പാതകൾ കയ്യേറി വാഹനപാർക്കിങും കച്ചവടങ്ങളും നടക്കുന്നതിനാലും പലയിടങ്ങളിലും കട്ടകൾ ഇളകി കിടക്കുന്നതിനാലും കാൽനടയാത്രക്കാർക്ക് നടപ്പാത പ്രയോജനപ്പെടുന്നില്ലെന്നും പരാതിയുണ്ട്.
തിരക്കേറിയ എം.സി റോഡിൽ പ്രധാനപാതയുടെ ഓരം തന്നെയാണ് കാൽനടയാത്രക്കാർക്ക് ആശ്രയം. ൃസ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി നടന്നുപോകുന്നതിനുള്ള സാഹചര്യം ഒരുക്കുകയും കൂടുതല്‍ കട്ടകള്‍ ഇളകി വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് നടപ്പാതകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നുമാണ് ആവശ്യം. ഇത് സംബന്ധിച്ച് താലൂക്ക് വികസനസമിതി യോഗങ്ങളിലടക്കം നിരവധിതവണ പരാതികൾ ഉയർന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.