എ.ബി.സി പദ്ധതി കാര്യക്ഷമമല്ല; ചങ്ങനാശ്ശേരിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsചങ്ങനാശ്ശേരി: നഗര, ഗ്രാമപ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമാകുന്നു. ചങ്ങനാശ്ശേരി ബൈപാസ്, ജനറല്‍ ആശുപത്രി, ടി.ബി റോഡ്, മാര്‍ക്കറ്റ്, വെട്ടിത്തുരുത്ത്, പറാല്‍, പാറേല്‍പള്ളി, വലിയകുളം, എസ്റ്റേറ്റുപടി, മാമ്മൂട്, മാടപ്പള്ളി, ഇത്തിത്താനം, മലകുന്നം, പുതുച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കള്‍ ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സമാകുന്നു. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിപരിസരത്ത് രോഗികൾ തെരുവുനായ്ക്കളുടെ അക്രമണഭീഷണിയിലാണ്. കഴിഞ്ഞദിവസം ആശുപത്രിയുടെ ആബുലൻസിന്റെ ഹോസ് കടിച്ചുകീറി വാഹനത്തിന് കേടുപാട് വരുത്തി. ഇരുചക്ര വാഹനങ്ങള്‍ക്കു പിന്നാലെ ഓടി വാഹനത്തില്‍ ഇരിക്കുന്നവരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് മൂലം അപകടം ഉണ്ടാകുന്നതായും പരാതികളുണ്ട്. പ്രഭാതസവാരിക്കാരും വിദ്യാർഥികളും ഭയന്നാണ് യാത്ര ചെയ്യുന്നത്. ചങ്ങനാശ്ശേരി നഗരത്തിലെ തെരുവുനായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി തിരികെവിടുന്നതിനും മറ്റുമായി ആധുനിക രീതിയിലുള്ള ഓപറേഷന് തിയറ്ററും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇടക്കാലത്ത് തെരുവുനായ്ക്കളുടെ ശല്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഭീഷണി കൂടിയിരിക്കുകയാണെന്ന് നടപ്പുകാരും വഴിയാത്രക്കാരും പറയുന്നു. 2016ൽ നായ്ക്കളുടെ ശസ്ത്രക്രിയക്കടക്കം ലക്ഷങ്ങൾ ചെലവഴിച്ച് പെരുന്ന മൃഗാശുപത്രിയില്‍ സൗകര്യം ഒരുക്കിയിരുന്നു.
തുടക്കമെന്ന നിലയില്‍ ആവേശത്തോടെ ആരംഭിച്ച പദ്ധതിക്ക് അകാലചരമവുമായി. തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് എ.ബി.സി പദ്ധതി കാര്യക്ഷമമായി നടത്തുന്നതിനും ഇവയുടെ സംരക്ഷണത്തിനു പ്രത്യേകസ്ഥലം കണ്ടെത്തി ഷെല്‍ട്ടര്‍ഹോം നിര്‍മിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടാതെ വാക്സിനേഷനുകള്‍ നടത്തുന്നതിനാവശ്യമായ മരുന്നുകള്‍ മൃഗസംരക്ഷണ വകുപ്പിന് ലഭ്യമാക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ഒന്നും ചെയ്തിട്ടില്ലെന്നും നഗരവാസികൾ പറയുന്നു. നഗരസഭ പരിധിയിലുള്ള വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ്പ് ഘടിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിനെക്കുറിച്ചും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് നഗരസഭ വാസികള്‍ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.