ഇരുട്ടിൽമുങ്ങി ചങ്ങനാശ്ശേരി നഗരം, ‘വഴിവിളക്കുകൾ തെളിക്കണം’
text_fieldsചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ഉൾപ്പെടെ നഗരത്തിൽ പലഭാഗങ്ങളും ഇരുട്ടിൽ. വഴിവിളക്കുകൾ തെളിക്കുന്നതിന് ആവശ്യമായ നടപടി നഗരസഭ കൈക്കൊള്ളണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ശക്തം. തെങ്ങണ മുതൽ മാമ്മൂട് വരെയുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശത്തും നടപ്പാതകളിൽ കാടുകയറി കാൽനടക്കാർക്ക് സഞ്ചാരയോഗ്യമല്ലാതായതായും യോഗത്തിൽ ആക്ഷേപമുയർന്നു.
വിഷയത്തിൽ പി.ഡബ്ല്യു.ഡി അടിയന്തര നടപടി സ്വീകരിക്കണമെന്നും ടേക് എ ബ്രേക് എത്രയും വേഗം പൂർത്തീകരിക്കണമെന്നും വികസന സമിതി അംഗം ലിനു ജോബ് യോഗത്തിൽ ആവശ്യപ്പെട്ടു.
മാമ്മൂട്-വെങ്കോട്ട റോഡിൽ കുഴികൾ മൂലം അപകടം പതിവാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിൽ അപകടകരമായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകൾ മാറ്റുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
കുറിച്ചി പഞ്ചായത്ത് 16ാം വാർഡിലെ കാഞ്ഞിരത്തുംമൂട് റോഡിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തത് മൂടി കോൺക്രീറ്റ് ചെയ്തത് സംബന്ധിച്ച അപാകത പരിഹരിക്കണമെന്നും കുഴിമൂടാൻ ഇറക്കിയ പാറപ്പൊടിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതായും ഇത് ഒഴിവാക്കുന്നതിന് അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കണമെന്നും ജയിംസ് കലാവടക്കൻ ആവശ്യപ്പെട്ടു.
നഗരത്തിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കൂടി വരുന്നതിനാൽ വിഷയത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് എക്സൈസിന് നിർദേശം നൽകി.
സന്ധ്യയായാൽ ദീർഘദൂര ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറാറില്ലെന്നും വിഷയത്തിൽ പരിഹാരം കാണണമെന്നും യോഗത്തിൽ അറിയിച്ചു.
മാടപ്പള്ളി വില്ലേജ് ഓഫിസിന് മുൻവശത്ത് റോഡിനോട് ചേർന്നുള്ള ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് നീക്കുന്നതിന് ആവശ്യമായ സത്വര നടപടി മാടപ്പള്ളി പഞ്ചായത്ത് കൈക്കൊള്ളണമെന്നത് സംബന്ധിച്ച വിഷയം യോഗത്തിൽ ചർച്ച ചെയ്തു. താലൂക്ക് വികസന സമിതി അംഗം ജോസി കല്ലുകളും അധ്യക്ഷതവഹിച്ചു. എൽ.എ ഡെപ്യൂട്ടി കലക്ടർ ജിനു പുന്നൂസ്, ചങ്ങനാശ്ശേരി തഹസിൽദാർ പി.ഡി. സുരേഷ് കുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.