ആ മുറിയും കസേരയും ഇനി വിജനം
text_fieldsചങ്ങനാശ്ശേരി: പരാതിയുമായെത്തുവർ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുകയെന്നത് സി.എഫ്. തോമസിെൻറ പ്രത്യേകതയായിരുന്നു. ഇത്തരം സ്വഭാവസവിശേഷതകളാണ് നാല് പതിറ്റാണ്ട് സി.എഫിനെ ചേർത്തുനിർത്താൻ ചങ്ങനാശ്ശേരിയെ പ്രേരിപ്പിച്ചത്. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ പ്രഭാത കുര്‍ബാനയില്‍ പങ്കെടുത്താണ് അദ്ദേഹത്തിെൻറ ദിനചര്യ തുടങ്ങിയിരുന്നത്.
തിരിച്ചു വീട്ടിലെത്തുമ്പോള്‍ പാര്‍ട്ടിക്കാരും അല്ലാത്തവരുമായ നൂറുകണക്കിനാളുകൾ അദ്ദേഹത്തെ കാത്തിരിക്കും. പാര്‍ട്ടി, മണ്ഡലം പരിഗണനയൊന്നുമില്ലാതെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. രണ്ട് തവണ മന്ത്രിയായും ഒന്‍പത് തവണ ജനപ്രതിനിധിയുമായിരുന്ന വ്യക്തിയാണങ്കിലും ശബ്ദമുയർത്തി ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കണ്ടിട്ടേയില്ല. സൗമ്യമായാണ് സംസാരിക്കുക. രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടാലും മറ്റ് പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാകുന്ന രീതിയിലാണ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരോട് വരെ പുഞ്ചിരിയോടു കൂടി അല്ലാതെ സംസാരിക്കുന്ന സി.എഫ് തോമസിനെ കാണുക പ്രയാസമായിരുന്നു.
1980 ല്‍ കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പിനെ തുടര്‍ന്ന് കെ.എം. മാണിക്കൊപ്പം സി.എഫ്.തോമസും ഇടതുപക്ഷത്തേക്ക് എത്തുകയായിരുന്നു. ആദ്യമത്സരത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ. ചാക്കോയെ 2633 വോട്ടിനാണ് അദ്ദേഹം തോൽപ്പിച്ചത്. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം അദ്ദേഹത്തിന് സ്വന്തം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുമായി ഏറെ ഇഴയടുപ്പം അദ്ദേഹം കാട്ടിയിരുന്നു.
ഇത്തരക്കാരുടെ നൂറുകണക്കിന് പരാതികൾക്കാണ് അദ്ദേഹം പരിഹാരം കണ്ടിരുന്നത്. ഇനി വീട്ടിലെ സജീവമായ മുറിയില്‍ ഒഴിഞ്ഞ കസേരയും ഒരുപാട് ജനങ്ങളുടെ ഹൃദയ നൊമ്പരങ്ങള്‍ പകര്‍ത്തിയ നിവേദനങ്ങളുടെ കൂമ്പാരവും മാത്രം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.