അനധികൃത സിം കാർഡ് വിൽപനയെന്ന്, പൊലീസ് ശ്രദ്ധ വേണമെന്ന് ആവശ്യം
text_fieldsചങ്ങനാശ്ശേരി: നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ വസിക്കുന്ന പ്രദേശമായ പായിപ്പാട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനധികൃത സിം കാർഡ് വിൽപന നടക്കുന്നതായി ആക്ഷേപം.
ഇതിനെതിരെ പൊലീസ് ശ്രദ്ധയുണ്ടാകണമെന്നും അല്ലാത്തപക്ഷം ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വ്യാപാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നു.
ബാഗുകളിൽ സിം കാർഡുകളുമായി സ്ത്രീകൾ ഉൾപ്പെടെ പായിപ്പാട് കവലയിലും പരിസരങ്ങളിലും അനധികൃത സിം വിൽപന നടത്തുന്നതായാണ് ആക്ഷേപം. നാലുകോടി ഭാഗങ്ങളിലുള്ള മൊബൈൽ ഷോപ്പുകളിൽ ഏജൻസി പ്രതിനിധികൾ എന്ന പേരിൽ സിമ്മുകൾ നൽകാം എന്ന വ്യാജേന പണം അഡ്വാൻസായി വാങ്ങി കബളിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
പായിപ്പാട് പ്രദേശങ്ങളിൽ അന്തർസംസ്ഥാന തൊഴിലാളികൾ എത്തുന്നത് ദിനംപ്രതി വർധിച്ചുവരുകയാണ്.
ഇവർക്കിടയിലുൾപ്പെടെ നടക്കുന്ന ഈ സിം കാർഡ് വിതരണം പ്രദേശത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. സൗജന്യമായി ഉൾപ്പെടെ സിം കാർഡ് കൈമാറുകയാണ്. ഇതിനെതിരെ തൃക്കൊടിത്താനം പൊലീസിൽ വ്യാപാരി സംഘടന പരാതി നൽകി.
ഇത്തരം സിം കാർഡ് കച്ചവടക്കാരെ മാർക്കറ്റിൽ കാണുമ്പോൾ മൊബൈൽ ഫോൺ വ്യാപാരികൾ പൊലീസിൽ വിവരം അറിയിക്കണമെന്നും വിഷയത്തിൽ പൊലീസിന്റെ അതീവശ്രദ്ധ ഉണ്ടാകണമെന്നും വ്യാപാരി വ്യവസായി സമിതി ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്റ് കെ.എ. അഷറഫ് കുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.