എം.സി റോഡില്‍ മന്ദിരം കവലയില്‍ ട്രാഫിക് സിഗ്നല്‍ വേണമെന്ന് ആവശ്യം
text_fieldsചങ്ങനാശ്ശേരി: എം.സി റോഡില്‍ മന്ദിരം കവലയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എം.സി റോഡിലെ പ്രധാന ജങ്ഷനായ മന്ദിരം കവലയില്‍ ഗതാഗതത്തിരക്ക് ദിനംപ്രതി വർധിക്കുന്ന സ്ഥിതിയാണ്.
ഇതുമൂലം, പാതയുടെ ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനില്‍ക്കേണ്ടിവരുന്നു. ജങ്ഷന് സമീപത്തീതന്നെയുള്ള സചിവോത്തമപുരം സി.എച്ച്.സിയിലേക്കുള്ള രോഗികളാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.
എം.സി റോഡില്‍ കുറിച്ചി ഔട്ട്പോസ്റ്റ് ജങ്ഷന്-ചിങ്ങവനം പുത്തന്‍പാലം ജങ്ഷന് എന്നിവക്കിടയിലുള്ള ഭാഗമാണിത്. കൈനടി, കുഴിമറ്റം ഭാഗത്തേക്കുപോകുന്ന റോഡ് തിരിയുന്നതും ഇവിടെനിന്നാണ്. നാലുവശത്തുനിന്ന് ഒരുപോലെ ചെറുതും വലുതുമായ വാഹനങ്ങള്‍ എത്തുന്നയിവിടെത്തന്നെയാണ് കോട്ടയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും. എന്നാല്‍, കുഴിമറ്റം പാത്താമുട്ടം ഭാഗത്തേക്കുള്ള റോഡില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്ക്കാനുള്ള കാത്തിരുപ്പ് കേന്ദ്രം ഇല്ലാത്തതിനാല്‍ റോഡിന്റെ മറുവശത്തെ വ്യാപാരസ്ഥാപനങ്ങളുടെ തിണ്ണയാണ് ആശ്രയം.
കൈനടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും എതിര്‍ഭാഗത്ത് പാത്താമുട്ടം എൻജിനീയറിങ് കോളജ്, കേന്ദ്ര ഹോമിയോ മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജ്, എ.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്നിന്നുള്ളതും തിരിച്ചുമുള്ളതുമായ വാഹനങ്ങള്‍ മന്ദിരംകവലയില് എത്തിയാണ് തിരിയുന്നത്. കുറിച്ചി ഔട്പോസ്റ്റ്, പാലാത്ര, സെന്‍ട്രല്‍ ജങ്ഷനിലാണ് സിഗ്നല്‍ ലൈറ്റുകളുള്ളത്.
കുഴിമറ്റം, കൈനടി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളെ മറികടക്കാനായി അമിതവേഗത്തിലാണ് എം.സി റോഡിലൂടെ വാഹനങ്ങള്‍ എത്തുന്നത്.
ഇത് പലപ്പോഴും വലുതും ചെറുതുമായ നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.