മൂന്ന് കർദിനാൾമാർ; അഭിമാനനിറവിൽ കേരള കത്തോലിക്ക സഭ
text_fieldsചങ്ങനാശ്ശേരി: മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ അംഗമായി മോൺ. ജോർജ് ജേക്കബ് കൂവക്കാട് മാറുമ്പോൾ അഭിമാനനിറവിൽ കേരള കത്തോലിക്ക സഭയും ചങ്ങനാശ്ശേരി അതിരൂപതയും. ഒരേസമയം മൂന്ന് മലയാളി കർദിനാൾമാരെന്ന സ്വപ്നതുല്യനേട്ടത്തിലാണ് കേരളസഭ. മെത്രാന് അല്ലാത്ത, വൈദികനായ ഒരാളെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍തന്നെ അപൂര്‍വമാണെന്നിരിക്കെ, ഇത്തരമൊരു നിയോഗത്തിനും മലയാളിയിലൂടെ സഭ സാക്ഷിയായി.
2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരുന്ന മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് ലഭിച്ച കർദിനാൾ പദവി, പ്രവർത്തനമികവിനും പ്രാർഥനാജീവിതത്തിനുമുള്ള അംഗീകാരം കൂടിയാണ്. 2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതലയെന്ന നിർണായക തസ്തികയിലായിരുന്നു പ്രവർത്തനം.
ഇതിലെ പ്രവർത്തനമികവാണ് തെരഞ്ഞെടുപ്പിൽ നിർണായകമായത്. വത്തിക്കാൻ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുന്ന മോൺ. ജോർജ് ജേക്കബ് ആഗോള കത്തോലിക്ക സഭയിൽ സുപ്രധാന ചുമതലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇത് കേരള കത്തോലിക്ക സഭക്കും നിർണായകമാകും.
സിറോ മലബാർ സഭയിലെ പ്രശ്നപരിഹാരത്തിന് മാര്‍പാപ്പ നിയോഗിച്ചതും മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെയായിരുന്നു. സിറോ മലബാര്‍ സഭയുടെ തലവനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രത്യേക ദൂതനായി എത്തിയ ഇദ്ദേഹത്തിന്റെ ഇടപെടൽ മാർ റാഫേല്‍ തട്ടിലിന്റെ തെരഞ്ഞെടുപ്പിലും നിർണായകമായിരുന്നു.
അതേസമയം, സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്ച്ബിഷപ്പിന് കര്‍ദിനാള്‍ പദവി ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹത്തെ മറികടന്നാണ് മറ്റൊരു സിറോ മലബാര്‍ സഭാംഗത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയർത്താൻ മാർപാപ്പ തയാറായിരിക്കുന്നത്. മുൻ മേജര്‍ ആര്‍ച്ബിഷപ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ തുടരുന്നുണ്ട്. ഇതോടെ സിറോ മലബാര്‍ സഭക്ക് രണ്ട് കര്‍ദിനാള്‍ പദവികളായി.
മാമ്മൂട് ഇടവക അംഗമായ മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് മാതൃരൂപതയായ ചങ്ങനാശ്ശേരിക്കും അഭിമാന നിമിഷങ്ങളാണ് സമ്മാനിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയിൽനിന്നുള്ള മൂന്നാമത്തെ കർദിനാളാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മുൻഗാമികൾ. കഴിഞ്ഞ വിശുദ്ധവാരത്തിൽ മോൺ. ജോർജ് ജേക്കബ് ചങ്ങനാശ്ശേരിയിലെത്തിയിരുന്നു.
മാതൃഇടവകയായ മാമ്മൂട്ടിലെ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തുമെത്തിയിരുന്നു.
അഭിമാനനിമിഷം -മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി: മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ കാർദിനാളായുള്ള നിയമനത്തിൽ ചങ്ങനാശ്ശേരി അതിരൂപത അഭിമാനിക്കുന്നതായി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപതയുടെ ആശംസകളും പ്രാർഥനകളും അദ്ദേഹത്തിന് നേരുന്നതായും മാർ പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും ആശംസകളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.