തൃക്കൊടിത്താനം ഗ്രാമത്തെ നടുക്കി കുരുന്നുകളുടെ ദാരുണാന്ത്യം
text_fieldsചങ്ങനാശ്ശേരി: തൃക്കൊടിത്താനം ഗ്രാമത്തെ നടുക്കി കുരുന്നുകളുടെ ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയോടെ തൃക്കൊടിത്താനം ചെമ്പുംപുറം പാറക്കുളത്തിലാണ് സഹോദരിമാരുടെ മക്കളായ വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞത്. സഹോദരിമാരായ ആശക്കും ആലീസിനും ഓരോ ആൺമക്കൾ മാത്രമാണുള്ളത്. ഇരുവരും വളരെ സ്നേഹത്തിലായിരുന്നു. മരിച്ച ആദർശിന്റെ പിതാവ് അനീഷ് മരിച്ചതോടെ വല്യച്ഛൻ പാപ്പനും വല്യമ്മ അമ്മിണിയും മാത്രമാണ് അഴകാത്തുപടിയിലെ വീട്ടിലുണ്ടായിരുന്നത്. കുറിച്ചിയിൽ നിന്ന് നാലു ദിവസം മുമ്പാണ് ആദർശും അഭിനവും അഴകാത്തു പടിയിലെ വീട്ടിലെത്തിയത്. അത് അന്ത്യയാത്രയാകുമെന്ന് വല്യച്ഛൻ പാപ്പനും വല്യമ്മ അമ്മിണിയും കരുതിയില്ല. മകൻ നേരത്തെ മരിച്ച ഇവർക്ക് കൊച്ചുമകനെ കൂടി നഷ്ടപ്പെട്ടു.
അഭിനവും ആദർശും മറ്റു രണ്ടു കൂട്ടുകാർക്കൊപ്പം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആളൊഴിഞ്ഞ പ്രദേശത്തുള്ള പാറക്കുളത്തിനടുത്ത് എത്തിയത്. അഭിനവ് പാറക്കുളത്തിലെ മീനുകൾ നോക്കുന്നതിനിടയിൽ കാൽവഴുതി കുളത്തിലേക്ക് വീണു. അഭിനവിനെ രക്ഷിക്കുന്നതിനു വേണ്ടി ആദർശും കുളത്തിലേക്ക് ചാടുകയായിരുന്നു. കുളത്തിന് താഴ്ഭാഗത്ത് നാലു വീടുകൾ മാത്രമാണുള്ളത്. കുളത്തിനു മുകൾഭാഗം റബർതോട്ടവും കാടുപിടിച്ച പ്രദേശമാണ്.
ആൾസഞ്ചാരം കുറവുള്ള പ്രദേശമാണിത്. കുട്ടികൾ നിലവിളിക്കുന്നത് കേട്ട് താഴ്ന്ന പ്രദേശത്തുള്ള വീട്ടുകാർ ഓടിവന്നു നോക്കുമ്പോഴാണ് ഇരുവരും കുളത്തിൽ മുങ്ങിയതായി അറിയിച്ചത്. 30 വർഷത്തിന് മുമ്പ് പാറ പൊട്ടിച്ചുകൊണ്ടിരുന്ന കുളമായിരുന്നു ഇത്. കോട്ടമുറി സ്വദേശിയുടെ പാറക്കുളം 25 വർഷങ്ങൾക്കു മുമ്പ് ജർമൻ പ്രവാസിക്ക് വിറ്റിരുന്നു. നിരന്തരം നാട്ടുകാർക്കിടയിൽ നിന്ന് പരാതി ഉയർന്നതോടെ പാറ പൊട്ടിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു.
കുളത്തിന് സൈഡിലേക്കുള്ള വഴിയിൽ കുത്തനെയുള്ള കയറ്റം ആയതിനാൽ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ കുളത്തിൽ വീണ് അപകടം ഉണ്ടാകാറുണ്ട്. നാലുപേർ ഈ കുളത്തിൽ വീണ് മരിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ചങ്ങനാശ്ശേരി അഗ്നിരക്ഷ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തൃക്കൊടിത്താനം പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടികൾ കുളത്തിൽ വീണതറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുനിന്ന് നൂറുകണക്കിന് ആളുകളും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.