ശുചിമുറി മാലിന്യ സംസ്കരണം; നൂതന പദ്ധതിയുമായി ചങ്ങനാശേരി നഗരസഭ
text_fieldsചങ്ങനാശ്ശേരി: ശുചിമുറി മാലിന്യം സംസ്കരണത്തിന് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് പദ്ധതിയുമായി ചങ്ങനാശ്ശേരി നഗരസഭ. ചെറിയ വാഹനത്തിന്റെ പ്ലാറ്റ് ഫോമിൽ ക്രമീകരിച്ച അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകൾ, സ്ഥാപനങ്ങൾ, റസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്ക് വാഹനം കടന്നുവരും.
വിവിധ ഫിൽറ്ററിങ് സംവിധാനത്തിലൂടെ ശുചിമുറി മാലിന്യം വെള്ളമാക്കി സുരക്ഷിത സ്ഥലത്തേക്ക് ഒഴുക്കികളയും. സംസ്കരിച്ച ജലം കൃഷി ആവശ്യത്തിനും ഉപയോഗിക്കാം. പ്രതിദിനം 6000 ലിറ്റർ വരെ സംസ്കരിക്കാം. 45 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി രാജ്യത്തെയും സംസ്ഥാനത്തെയും രണ്ടാമത്തേതാണ്.
ചാലക്കുടി നഗരസഭയാണ് മുമ്പ് പദ്ധതി നടപ്പാക്കിയത്. അടുക്കള മാലിന്യം, വ്യാവസായിക മാലിന്യം എന്നിവ സംസ്കരിക്കില്ല. ശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് ടാങ്കുകളിലെ മാലിന്യമാണ് പ്ലാന്റ് സംസ്കരിക്കുക. മുൻകൂർ ബുക്കിങ് അനുസരിച്ച് വിവിധ വാർഡുകളിൽ സേവനം ലഭിക്കും. യൂസർഫീയുടെ കാര്യത്തിൽ കൗൺസിൽ തീരുമാനമെടുക്കും.
അടുത്തയാഴ്ച മുതൽ വാഹനത്തിന്റെ പ്രവർത്തനം ആരംഭിക്കും. ഗവേഷണ സ്ഥാപനമായ വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് യൂനിറ്റിന്റെ നിർമാണവും തുടർപരിപാലനവും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.