ട്രെയിനിന്റെ സ്റ്റോപ് പുനഃസ്ഥാപിച്ചു
text_fieldsചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് വ്യാപനത്തിന് മുമ്പ് സ്റ്റോപ് ഉണ്ടായിരുന്ന തിരുവനന്തപുരം-മധുരൈ 16344 അമൃത എക്സ്പ്രസിന്റെ സ്റ്റോപ്പും 16350 കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പും പുനഃസ്ഥാപിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കോവിഡിന് മുമ്പ് രണ്ട് ട്രെയിനുകള്‍ക്കും ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തിന് ശേഷം ട്രെയിന്‍ സര്‍വിസുകള്‍ പുനഃസ്ഥാപിച്ചപ്പോള്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും മധുരക്ക് പോകുമ്പോള്‍ സ്റ്റോപ് പുനഃസ്ഥാപിച്ചെങ്കിലും മധുരയില്‍ നിന്നും തിരികെ വരുമ്പോള്‍ സ്റ്റോപ് ഉണ്ടായിരുന്നില്ല.
രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് കൊച്ചുവേളിയില്‍ നിന്നും നിലമ്പൂര്‍ക്ക് പോകുമ്പോള്‍ സ്റ്റോപ് പുനഃസ്ഥാപിച്ചെങ്കിലും തിരികെ വരുമ്പോള്‍ ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അശാസ്ത്രീയമായി സ്റ്റോപ്പുകൾ നിർണയിച്ചത് യാത്രക്കാരെ വലക്കുകയും മറ്റ് സ്റ്റേഷനുകളില്‍ ഇറങ്ങി യാത്രചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ പോരായ്മ റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തി സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച് കിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.