രണ്ട് പാലങ്ങൾ, അഞ്ച് ഫ്ലൈ ഓവറുകള്‍; ഇനി വെള്ളംകയറാത്ത എ.സി റോഡ്
text_fieldsചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മനക്കച്ചിറ മുതല്‍ കിടങ്ങറ വരെ ഓടകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെ രണ്ടു കലുങ്കുകളുടെ നിര്‍മാണവുമുണ്ട്. ആവണി ഭാഗത്ത് ജോബ് മൈക്കിള്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ചെറിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാറിനു നല്‍കിയിട്ടുണ്ട്. കിടങ്ങറയില്‍ പാലത്തിെൻറ പൈലിങ് ആരംഭിച്ചിട്ടുണ്ട്. മങ്കൊമ്പ് പാലത്തിെൻറ നിര്‍മാണം നടന്നുവരികയാണ്. വെള്ളിയാഴ്ച മുതല്‍ കെ.എസ്.ആര്.ടി.സി മങ്കൊമ്പ് വരെയെ സര്‍വിസ് നടത്തുകയുള്ളൂ.
671.66 കോടി ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയും അസര്ബൈജാന് കമ്പനിയും സംയുക്തമായാണ് ഏറ്റെടുത്തിട്ടുള്ളത്. ദേശീയപാതയെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായി ഇത് മാറും.
കാലവര്‍ഷമെത്തിയാല്‍ എ.സി റോഡിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി 15 മുതല്‍ 20 ദിവസം വരെ ഗതാഗതം മുടങ്ങുക പതിവാണ്. റോഡ് ഉയരുന്നതോടെ ഇതിന് ശാശ്വത പരിഹാരമാവും. നവീകരിക്കുന്ന റോഡിന് 10 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 13 മുതല്‍ 14 മീറ്റര്‍ വരെ വീതി ഉണ്ടാകും.
20 കിലോമീറ്ററില്‍ മൂന്നുതരത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്. 2.9 കിലോമീറ്റര്‍ ബി.എം ആന്‍ഡ് ബി.സി മാത്രം ചെയ്ത് റോഡ് നിലനിർത്തും. രണ്ടാമത്തെ 8.27 കിലോമീറ്റര്‍ ജിയോ ടെക്സ്റ്റൈല്‍ ലെയര്‍ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തെ ഒമ്പതു കിലോമീറ്റര്‍ ജിയോഗ്രിഡും കയര്‍ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോണ്‍ കോളവും ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലുമാണ് അവലംബിക്കുക. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍ നിര്‍മാണം.
വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ചു സ്ഥലങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മിക്കും. ഫ്ലൈഓവറുകള്‍ക്ക് ആകെ നീളം 1.79 കിലോമീറ്ററാണ്. കുറച്ചു ദൂരത്തില്‍ മാത്രം വെള്ളപ്പൊക്കം ഉണ്ടാകുന്ന ഭാഗങ്ങളില്‍ നിലവിലുള്ള റോഡ് അധികം ഉയര്‍ത്താതെ, കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ ഒമ്പത് സ്ഥലങ്ങളില്‍ ക്രോസ്വേ നല്‍കിയിട്ടുണ്ട്.
ചെറുതും വലുതുമായ 82 പാലങ്ങളാണ് തീര്‍ക്കേണ്ടത്. വ്യത്യസ്ത തരത്തില്‍ അഞ്ച് ഫ്ലൈഓവറുകള്‍ ആണ് പൂര്ത്തീകരിക്കേണ്ടേത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇടക്ക് തടസ്സപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗത്തിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.