മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രതൈ, കുറിച്ചി ഗ്രാമ പഞ്ചായത്ത് കാമറ നിരീക്ഷണത്തിലേക്ക്
text_fieldsചങ്ങനാശ്ശേരി: റോഡരികിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരെ കുടുക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് കുറിച്ചിയിൽ തുടക്കമായി. സ്വകാര്യ ഏജൻസിയുമായി ചേർന്ന് പഞ്ചായത്തിലെ വിവിധ റോഡുകളിലായി നാല്പത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനാണ് കരാർ ഉണ്ടാക്കിയത്.ആദ്യഘട്ടമായി ഏഴെണ്ണം സ്ഥാപിച്ചു.
കൂടുതൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്ന ശങ്കരപുരം - ഔട്ട് പോസ്റ്റ് റോഡ്, പൊടിപ്പാറ - പമ്പ് ഹൗസ് റോഡ്, മന്ദിരം - ഹോമിയോ കോളേജ് റോഡ്, മലകുന്നം - പ്ലാമൂട് റോഡ്, മുട്ടത്തുകടവ് റോഡ്, കണ്ണന്തറപ്പടി - കുഞ്ഞൻ കവല റോഡ്, കളമ്പാട്ടുചിറ റോഡ് എന്നിവടങ്ങളിലും ഗവ. എൽ.പി.എസ് മലകുന്നം, ചാലച്ചിറ എം.സി.എഫ് പരിസരം എന്നിവടങ്ങളിലും കാമറകൾ സ്ഥാപിച്ചു.
വിവിധ വാർഡ് മെമ്പർമാർ അറിയിച്ചതനുസരിച്ച് പഞ്ചായത്തിലാകെ മുപ്പത്തിമൂന്ന് കാമറകൾ കൂടി ഉടൻ സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്നവർ കാമറക്കണ്ണിൽ അകപ്പെടുന്നതനുസരിച്ച് നിലവിലുള്ള നിയമങ്ങൾക്കനുസുതമായി പരമാവധി ശിക്ഷകൾ ഉറപ്പാക്കും.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ റോഡരികുകളും ശുദ്ധീകരിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എങ്കിലും സാമൂഹിക വിരുദ്ധർ മാലിന്യം വീണ്ടും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. കാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ ആദ്യ കാമറ ശങ്കരപുരം - ഔട്ട് പോസ്റ്റ് റോഡിൽ സ്ഥാപിക്കുന്നതിനായി വൈസ് പ്രസിഡൻറ് കെ.ആർ ഷാജിക്ക് കൈമാറി നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ അനീഷ് തോമസ് നെടുംപറമ്പിൽ, വിജു പ്രസാദ്, പ്രശാന്ത് മനന്താനം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.