സ്നേഹ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി നിർവഹിക്കും
text_fieldsകൂട്ടിക്കൽ: ഏന്തയാറില്‍ കൂട്ടിക്കൽ ദുരിതബാധിതര്‍ക്ക് സി.പി.എം ഒരുക്കിയ 25 സ്നേഹ വീടുകളുടെ താക്കോല്‍ദാനം നവംബർ 12ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇളങ്കാട് റോഡിൽ തേന്‍പുഴയിൽ സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി പാര്‍ട്ടി അംഗങ്ങളില്‍നിന്ന് സമാഹരിച്ച അരക്കോടിയിലേറെ രൂപ ഉപയോഗിച്ച് വാങ്ങിയ രണ്ടേക്കർ 10 സെന്റ് സ്ഥലത്താണ് 25 വീടും നിര്‍മിച്ചത്.
2021 ഒക്ടോബർ 16നാണ് കിഴക്കന്‍ മലയോരത്തെ നടുക്കിയ പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലുമുണ്ടായത്. 13 പേരുടെ ജീവനും നിരവധി പേരുടെ കിടപ്പാടവും സ്വത്തുവകകളുമെല്ലാം നഷ്ടമായി. മലവെള്ളപ്പാച്ചിലില്‍ ചളിനിറഞ്ഞ കുളങ്ങളും കിണറുകളും വീടുകളും പൊതുസ്ഥാപനങ്ങളും പാതകളും വൃത്തിയാക്കാന്‍ ഏറെ ദിവസങ്ങൾ കഷ്ടപ്പെടേണ്ടിവന്നു. വീടിരുന്ന സ്ഥലത്ത് വീണ്ടും വീട് നിർമിച്ച് താമസിക്കാനുള്ള പ്രദേശവാസികളും പാവപ്പെട്ടവരുമായ ഇവരുടെ ഭയവും സാമ്പത്തിക പ്രയാസങ്ങളും മനസ്സിലാക്കിയാണ് കൂട്ടിക്കലില്‍ 25 വീട് നിർമിക്കാൻ സി.പി.എം തീരുമാനിച്ചത്. റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി വി.എന്‍. വാസവന് ഉൾപ്പെടെ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി എ.വി. റസല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.