കുട്ടികളുടെ ലൈബ്രറി: കോട്ടയത്തിന് കിട്ടിയ ലോട്ടറി
text_fieldsകോട്ടയം: പബ്ലിക് ലൈബ്രറിയിൽ കുട്ടികളുടെ വിഭാഗം ആരംഭിച്ചത് 1965 നവം. 14നാണ്. തുടർന്നാണ് കുട്ടികൾക്കായി പ്രത്യേക ലൈബ്രറി ആരംഭിക്കാനുള്ള ആലോചന തുടങ്ങിയത്. നഗരത്തിൽ തിരുനക്കര ക്ഷേത്രത്തിന് പിന്നിലായിരുന്നു കെ.പി.എസ്. മേനോൻ ജനിച്ചുവളർന്ന തറവാട്ടുവീടായ ഗോപീവിലാസം. പഴയമട്ടിലുള്ള ഇരുനില വീട്. അദ്ദേഹം പാലക്കാട്ടെ പാലാട്ട് ഹൗസിലേക്ക് താമസം മാറാൻ തീരുമാനിച്ചപ്പോൾ തറവാട് വീടിരുന്ന സ്ഥലം നാലുലക്ഷം രൂപക്ക് കുട്ടികളുടെ ലൈബ്രറിക്ക് നൽകാൻ തയാറായി. എന്നാൽ, അത് വാങ്ങാൻ പണമില്ല. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറി ഡി.സി. കിഴക്കേമുറി അതിന് വഴികണ്ടു. ലോട്ടറി നടത്തുക. സംസ്ഥാന സർക്കാർപോലും ലോട്ടറി ആരംഭിച്ചിട്ടില്ലാത്ത കാലത്താണിതെന്നോർക്കണം. ലോട്ടറി നടത്താൻ സർക്കാറിന്റെ പ്രത്യേക അനുമതി തേടി അന്നത്തെ ധനമന്ത്രി പി.കെ. കുഞ്ഞിനെ പോയിക്കണ്ടു. ആദ്യം സമ്മതിച്ചില്ല. ഒടുവിൽ കെ.പി.എസ്. മേനോൻ ഇടപെട്ട് കാര്യകാരണങ്ങൾ ബോധിപ്പിച്ച് അനുമതി വാങ്ങിച്ചുതന്നു. അങ്ങനെ ഒരുരൂപയുടെ ലോട്ടറി അടിച്ച് വിറ്റു.
അംബാസഡർ കാറും 25,000 രൂപയുമായിരുന്നു ഒന്നാംസമ്മാനം. നറുക്കെടുപ്പിന് മുമ്പേ അംബാസഡർ തിരുനക്കര മൈതാനത്ത് സ്ഥാനംപിടിച്ചു. കാറുകൾ അപൂർവമായിരുന്ന അക്കാലത്ത് നിരവധിപേർ കാർ കാണാൻ മാത്രം തിരുനക്കര മൈതാനത്തെത്തുമായിരുന്നത്രെ. ചങ്ങനാശ്ശേരി സ്വദേശിയാണ് ആ അംബാസഡർ സ്വന്തമാക്കിയത്. ലോട്ടറി വിറ്റ വകയിൽ 4.5ലക്ഷം രൂപ കിട്ടി. ശോച്യാവസ്ഥയിലായിരുന്നതിനാൽ തറവാട്ടുകെട്ടിടം ഉപയോഗിക്കാനാവുമായിരുന്നില്ല. പുതിയ കെട്ടിടം പണിയണം. അതിന് ഇനിയും പണംവേണം. വീണ്ടും ലോട്ടറി തന്നെ ശരണം. രണ്ടാംതവണയും പി.കെ. കുഞ്ഞ് അനുമതിനൽകി. നാലുലക്ഷത്തിലധികം രൂപ അത്തവണയും കിട്ടി. അങ്ങനെ ആ പണമുപയോഗിച്ചാണ് കുട്ടികളുടെ ലൈബ്രറിക്കായി ഇന്നത്തെ മൂന്നുനില കെട്ടിടം പണിതത്. അന്ന് നടത്തിയ ലോട്ടറിയുടെ ചുവടുപിടിച്ചാണ് 1967ൽ സംസ്ഥാന സർക്കാർ ഭാഗ്യക്കുറി ആരംഭിച്ചത്. ഒരു രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറിയുടെ വില. ഒന്നാംസമ്മാനം 50,000 രൂപ. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി പി.കെ. കുഞ്ഞുതന്നെയാണ് ആശയം കൊണ്ടുവന്നത്.
1969 ജൂണിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. വി.കെ.വി.ആർ.വി. റാവു ആണ് പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. 25 പൈസയായിരുന്നു മാസവരി. ലൈബ്രറിയുടെ ആദ്യ 'കുട്ടി സെക്രട്ടറി' ആയിരുന്നു മുൻ എം.എൽ.എ അഡ്വ. സുരേഷ്കുറുപ്പ്. പ്രസിഡന്റ് അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന അമ്പലപ്പുഴ രാമവർമയുടെ മകൻ രാജാ ശ്രീകുമാർ വർമയും. ഇവിടെ വായിച്ചുവളർന്നവരിൽ ചിലരാണ് സംവിധായകൻ ജയരാജും ഗിന്നസ് പക്രുവും.
27,000 അംഗങ്ങൾ
ഇന്ന് 53 വർഷത്തെ ചരിത്രവും 27,000 അംഗങ്ങളുമായി തണൽ പടർത്തിനിൽക്കുന്ന വന്മരമാണ് കുട്ടികളുടെ ലൈബ്രറി. നോവൽ, ചെറുകഥകൾ, റഫറൻസ് തുടങ്ങി വിവിധ മേഖലകളിലായി 3000ലേറെ പുസ്തകങ്ങളുണ്ട്. എല്ലാ മലയാളം പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പതിപ്പുകൾക്ക് പുറമെ ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളും ലഭ്യമാണ്. രണ്ട് പുസ്തകമെടുക്കുമ്പോൾ 10 രൂപയും നാല് പുസ്തകമെടുക്കുമ്പോൾ 20 രൂപയുമാണ് മാസവരി. അഞ്ചുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. സിജി തോമസാണ് ലൈബ്രേറിയൻ.
അടുത്തത് ഇ-ബുക്ക്
ലൈബ്രറിയിൽ കാലാനുഗതമായ ആധുനിക സംവിധാനങ്ങൾ ഉടൻ ഒരുക്കും. മൊബൈലിൽ വായിക്കാവുന്ന ഇ-ബുക്ക്, ഡിജിറ്റൽ ലൈബ്രറി എന്നിവ ഓണത്തിനുമുമ്പ് സജ്ജമാക്കും. വായനയും പുസ്തകങ്ങളും കൂടാതെ യോഗ, സുംബ ഡാൻസ്, കരാട്ടേ തുടങ്ങി 20 വിഷയങ്ങളിൽ ക്ലാസുകളും അഞ്ഞൂറോളം കുട്ടികളുമുണ്ട്. ഇതോടാപ്പം മലയാളം അക്ഷരമാലയും ഉച്ചാരണവും പഠിപ്പിക്കാൻ പ്രത്യേക ക്ലാസുണ്ട്.
നവീകരിച്ച ലൈബ്രറി
ബൈൻഡ് ചെയ്ത് കൂടുതൽ പുസ്തകങ്ങൾ ഒരുക്കി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിത്യൻ നിർവഹിച്ചു. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷതവഹിച്ചു. പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേപ്പ് ചിറ്റക്കാട് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. എക്സിക്യൂട്ടിവ് ചെയർമാൻ വി. ജയകുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, ബിനോയ് വേളൂർ, നന്ത്യാട് ബഷീർ, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടിവ് സെക്രട്ടറി കെ.സി. വിജയകുമാർ, രാജാ ശ്രീകുമാർ വർമ എന്നവിർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.