ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസ് സേവനങ്ങൾ ഇനി പ്രാർഥനക്കുശേഷം
text_fieldsപൊൻകുന്നം: ഇതൊരു പുതിയ തുടക്കം. മറ്റ് ഓഫിസുകളിൽനിന്ന് വ്യത്യസ്തമായി. പ്രാർഥനയോടെ ഓഫിസ് ജോലിക്ക് തുടക്കം കുറിക്കുകയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ. കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ യോഗത്തിലാണ് പഞ്ചായത്തിെൻറ സേവനങ്ങൾ രാവിലെ കൃത്യം 10ന് തന്നെ ആരംഭിക്കാനും ജീവനക്കാർ എല്ലാവരും ചേർന്നുള്ള പ്രാർഥനക്കുശേഷം ജോലി ആരംഭിക്കാമെന്നും തീരുമാനമെടുത്തത്.
രാവിലെ 9.58ന് ജീവനക്കാരെല്ലാം ചേർന്ന് പ്രാർഥന നടത്തിയശേഷം ജോലിയിൽ പ്രവേശിക്കും. പൊതുജനങ്ങൾക്ക് സേവനം യഥാസമയം നൽകാനുള്ള ജീവനക്കാരുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നതായി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.ആർ. ശ്രീകുമാർ പറഞ്ഞു. പുതിയ കമ്മിറ്റി അധികാരം ഏറ്റെടുത്തപ്പോൾ ജനങ്ങളാണ് സർക്കാർ സംവിധാനത്തിലെ യജമാനന്മാരെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. അവർക്ക് കൃത്യമായ സേവനം നൽകുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്നതാവണം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കർത്തവ്യമെന്നും പറഞ്ഞു. ഇത് പൂർണമായും അംഗീകരിച്ച് ജീവനക്കാർ കൂട്ടായെടുത്ത തീരുമാനമാണ് പ്രാർഥനയോടെ ഓരോ ദിവസവും തുടങ്ങാമെന്നത്.
സെക്രട്ടറി സുജ മാത്യു, അസി. സെക്രട്ടറി എ.എസ്. ചിത്ര എന്നിവർ എല്ലാവരുമായി കൂടിയാലോചിച്ച് ഏതെങ്കിലും മതത്തിനോട് ചായ്വില്ലാത്ത പ്രാർഥനഗാനം തെരഞ്ഞെടുത്തു. കെ.പി. കേശവമേനോൻ ഇംഗ്ലീഷിൽ രചിച്ച് ബാലാമണിയമ്മ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ 'ബലമെനിക്കേകണമേ സത്യത്തിൻ ചേരിയിൽ നിലകൊള്ളാനെപ്പോഴും സർവശക്താ'എന്ന പ്രാർഥനഗാനത്തിന് സംഗീതം നൽകിയത് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എസ്. ദേവേഷാണ്. ഇദ്ദേഹമാണ് ആലാപനത്തിന് നേതൃത്വം കൊടുക്കുന്നതും. ജീവനക്കാരും ആ സമയം പ്രസിഡേൻറാ മറ്റ് അംഗങ്ങളോ പഞ്ചായത്തിൽ ഉണ്ടെങ്കിൽ അവരും പ്രാർഥനയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.