വിനോദസഞ്ചാര കേന്ദ്രമായ ചിറക്കുളം കാടുകയറി നശിക്കുന്നു
text_fieldsകാണക്കാരി: പഞ്ചായത്തിലെ മധുരം പൂങ്കാവനം പദ്ധതിയിൽ ഉള്‍പ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമായ ചിറക്കുളം കാടുകയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമായ ഇവിടം, സന്ധ്യകഴിഞ്ഞാൽ മദ്യപന്മാൻ കൈയടക്കും.
രണ്ടര ഏക്കറിൽ പരന്നുകിടക്കുന്ന കുളവും രണ്ട് ഏക്കറോളം പ്രദേശവും പൂന്തോട്ടവുമാണ് ആകർഷണം. ചിറക്കുളത്തിന് 10 മുതൽ 20 അടി വരെ താഴ്ചയുണ്ട്. പായലും പോളയും നിറഞ്ഞ കുളത്തിന്റെ സംരക്ഷണഭിത്തിയും പടവുകളും ഇടിഞ്ഞു വീഴാറായി.
പാര്‍ക്കിലേക്ക് വരുന്ന കുട്ടികളും കാടുകയറിയ നടപ്പാത താണ്ടണം. ചിറക്കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിൽ പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. മധുരം പൂങ്കാവനം പദ്ധതി വരുമ്പോൾ എല്ലാം ശരിയാകും എന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. പദ്ധതി ഇതുവരെ നടപ്പായിട്ടുമില്ല. മധുരം പൂങ്കാവനം പദ്ധതി പ്രകാരം 98.83 ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതിയുടെ 60 ശതമാനം തുക വിനോദസഞ്ചാര വകുപ്പ് നല്‍കും. ബാക്കി തദ്ദേശ വകുപ്പ് കണ്ടെത്തണം. കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള സംവിധാനം, പെഡൽ ബോട്ട്, സ്വീപ് സൈക്കിൾ റോപ് വേ, പാര്‍ക്ക്, സോളാർ ലൈറ്റുകൾ, മാലിന്യ സംസ്കരണം, കുട്ടികള്‍ക്കുള്ള വിനോദ ഉപകരണങ്ങൾ, വനിത ജിംനേഷ്യം, ടിക്കറ്റ് കൗണ്ടർ, ഇന്‍ഫര്‍മേഷൻ കൗണ്ടർ, വിശ്രമമുറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
പദ്ധതി നടപ്പാക്കുന്നതുവരെയെങ്കിലും ചിറക്കുളം സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.