തിരുപ്പിറവിയുടെ ഓര്‍മയിൽ വീണ്ടും ക്രിസ്മസ്
text_fieldsകോട്ടയം: തിരുപ്പിറവിയുടെ ഓര്മ പുതുക്കി ഒരു ക്രിസ്മസ് പുലരി കൂടി. പൂല്‍ക്കൂടും നക്ഷത്രവും ക്രിസ്മസ് ട്രീയും ഒരുക്കിയും പാതിരാക്കുര്‍ബാനയില്‍ പങ്കുകൊണ്ട് ഉണ്ണിയേശുവിന്റെ ജനനം ക്രൈസ്തവ വിശ്വാസികൾ ആഘോഷമാക്കി. കരോളും പടക്കംപൊട്ടിക്കലും കേക്ക് മുറിക്കലുമൊക്കെ ആഘോഷത്തിന്റെ ഭാഗമായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മയിലാണ് വീടുകളിലും ദേവാലയങ്ങളിലും പുല്ക്കൂടുകള് ഒരുക്കുന്നത്. ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും ഒരുക്കിയിരുന്നു.
കരോള്‍ ഗാനം, പുല്‍ക്കൂട് മത്സരങ്ങള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. വീടുകളും തെരുവീഥികളും സ്ഥാപനങ്ങളുമെല്ലാം വിളക്കുകളാലും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാലും അലങ്കരിച്ചാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേറ്റത്. ദേവാലയങ്ങളില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷകളിലും കുര്‍ബാനയിലും വിശ്വാസികള്‍ പങ്കുകൊണ്ടു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. വിരമിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു.
പാലാ കത്തീഡ്രല്‍ പള്ളിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും കോട്ടയം വിമലഗിരി കത്തീഡ്രലില്‍ വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരിലും കാര്‍മികരായി. യാക്കോബായ സഭയുടെ കീഴിലെ പള്ളികളില്‍ ഞായറാഴ്ച വൈകിട്ട് ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിച്ചു. ഓര്‍ത്തഡോക്സ് സഭയിലെ പള്ളികളില്‍ തിങ്കളാഴ്ച പുലര്‍ച്ചയാണ് ശുശ്രൂഷകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.