കായൽപരപ്പിൽ ഇത്തിരിനേരം; ക്രിസ്മസെത്തി, കായൽപ്രേമികളും
text_fieldsകോട്ടയം: ക്രിസ്മസ് അവധിക്ക് തുടക്കമിട്ട് കണ്ണെത്താദൂരം പരന്നുകിടക്കുന്ന കായൽസൗന്ദര്യം ആസ്വദിക്കാൻ വിദേശ സഞ്ചാരികളുടെ സംഘം എത്തിത്തുടങ്ങി. യു.എസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയാണ് കായൽയാത്ര ആസ്വദിക്കാൻ എത്തിച്ചേരുന്നത്.
കോടിമത ബോട്ട് ജെട്ടിയിൽനിന്നും ആലപ്പുഴ വരെ കായലിലൂടെയുള്ള മൂന്ന് മണിക്കൂർ യാത്രയാണ് വിദേശികൾക്ക് ഏറെ പ്രിയം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊക്കുപാലങ്ങൾ തകരാറിലായതിനെ തുടർന്ന് കാഞ്ഞിരം വരെ സർവിസ് ചുരുക്കിയിരുന്നു. പൊക്കുപാലത്തിലൊരെണ്ണം പണി മുടക്കിയെങ്കിലും അടുത്തിടെ പാലം നന്നാക്കി സർവിസ് പുനരാരംഭിച്ചിരുന്നു. പോളശല്യവും ബോട്ടുകളുടെ തകരാറും സർവിസുകൾ മുടക്കിയെങ്കിലും സീസണിന്റെ തുടക്കത്തിൽ പ്രശ്നങ്ങൾ വഴിമാറിയത് വകുപ്പിന് ആശ്വാസമായി.
കോടിമത മുതൽ ആലപ്പുഴ വരെ ഒരാൾക്ക് 29 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണ യാത്രക്കാരെ കൂടാതെ സഞ്ചാരികളുടെ വരവോടെ വരുമാനം വർധിച്ചതായി ജീവനക്കാർ പറയുന്നു. പ്രതിദിനം 4000 രൂപയിൽ താഴെ വരുമാനം ലഭിച്ച സ്ഥാനത്ത് നിന്നും 8000രൂപയിലധികം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ആലപ്പുഴയിൽ നിന്നും മറ്റ് വിനോദസഞ്ചാരങ്ങൾ സന്ദർശിച്ച് ചിലർ മടങ്ങി കോട്ടയത്തേക്ക് മടങ്ങിയെത്തും.
ചിലർ മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കും. രാവിലെ അഞ്ചിനും വൈകിട്ട് നാലിനും 5.45നും കാഞ്ഞിരത്ത് നിന്ന് ആലപ്പുഴയിലേക്ക് സർവീസ് ഉണ്ട്. രാവിലെ 6.45നും 11.30ന് ഒരുമണിക്കുമാണ് കോടിമതയിൽ നിന്നും ആലപ്പുഴയിലേക്ക് സർവിസ്.
വേഗ വരുമോ...? വരില്ലേ...?
കോട്ടയം: നാലുവർഷമായി വേഗ എത്തുന്നതും കാത്തിരിക്കുകയാണ് കായൽയാത്രാപ്രേമികൾ. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടായ വേഗ ഈ പുതുവർഷത്തിലെങ്കിലും നീറ്റിലിറങ്ങുമോ എന്നാണ് സഞ്ചാരികളുടെ ചോദ്യം. വേഗ ബോട്ട് കോടിമതയിൽ നിന്നും സർവിസ് ആരംഭിച്ചാൽ ജലഗതാഗത ടൂറിസത്തിന്റെ സാധ്യതകളാണ് തുറക്കുന്നത്.
വേഗ എന്ന് വരുമെന്ന് ജലഗതാഗത വകുപ്പ് അധികൃതരോട് ചോദിച്ചാൽ യാർഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന മറുപടി. എന്നാൽ, കൃത്യമായി എന്ന് കോട്ടയത്തേക്ക് എത്തുമെന്നതിൽ അധികൃതർക്ക് കൃത്യമായ ഉത്തരമില്ല.
‘വേഗ’ക്ക് കാത്തിരിക്കാൻ കാരണങ്ങളേറെ
സാധാരണക്കാരനും ആഢംബരബോട്ടിൽ കുറഞ്ഞചിലവിൽ കായൽകാഴ്ചകൾ ആസ്വദിക്കാമെന്നതാണ് വേഗ ബോട്ടിന്റെ പ്രത്യേകത. 120 യാത്രക്കാർക്ക് ഒരേസമയം സുഖകരമായി ഇരുന്ന് യാത്രചെയ്യാം.
എ.സി, നോൺ എ.സി സീറ്റുകൾ, ലഘു ഭക്ഷണം തുടങ്ങിയവയും വേഗയിലുണ്ട്. കോടിമത ബോട്ട്ജെട്ടിയിൽ നിന്ന് ആലപ്പുഴ വരെ ഒന്നേകാൽ മണിക്കൂർ കൊണ്ട് വേഗഎത്തും. നിലവിലെ ബോട്ട് ചാലിൽ പൊക്ക് പാലങ്ങളടക്കം തടസ്സമുള്ളതിനാൽ പള്ളം കായലിലൂടെയാകും വേഗയുടെ യാത്രാക്രമീകരണം.
പ്രാദേശിക സഞ്ചാരികൾക്കൊപ്പം വിദേശികളെയും ലക്ഷ്യംവച്ചാണ് ഓടിക്കുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവിൽ വേഗ ബോട്ടുകൾ സർവീസ് നടത്തുന്നത്. ഇവിടങ്ങളിൽ വേഗ ബോട്ടുകൾ വലിയ ലാഭത്തിലാണ് ഓടുന്നത്.
സ്പീഡ് ബോട്ടും ശിക്കാരയും കയാക്കും വാങ്ങിക്കൂട്ടി; ഉപയോഗിക്കുന്നില്ല
കോട്ടയം: വിനോദസഞ്ചാര വകുപ്പിന് കല്ലുകടിയായി ജില്ലയിലെ ഡി.ടി.പി.സിയുടെ ഉഴപ്പ്. വിനോദസഞ്ചാര വികസനത്തിനായി ചെലവഴിക്കുന്ന കോടികളാണ് വകുപ്പിന്റെ അലംഭാവം മൂലം ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്. അരക്കോടിയിലേറെ വിലവരുന്ന ശിക്കാരബോട്ടുകള്‍ മുതല്‍ കായല്‍മേഖലയില്‍ ആകർഷകമായി മാറിയ കയാക്കുകള്‍ വരെ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കുമരകം കവണാറ്റിന്‍ കരയില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത് 20 ലക്ഷത്തിലധികം വിലവരുന്ന സ്പീഡ് ബോട്ട്. ആഴ്ചകളേറെയായി ആരെങ്കിലും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടെന്ന് ആക്ഷേപമുണ്ട്. മറ്റൊരു സ്പീഡ് ബോട്ട് കവണാറ്റിന്‍കരയിലെ പ്ലാന്റിന് പിൻവശത്ത് തോട്ടില്‍ മുങ്ങിക്കിടക്കുകയാണ്.
ഏറെ സാധ്യതകളുള്ള സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ 26 കയാക്കുകള്‍ രണ്ടുവര്‍ഷമായി ഡി.ടി.പി.സി ഓഫീസിന് സമീപത്തെ ഇരുട്ടുമുറിയിലാണ്. ഫൈബര്‍ ബോഡിയില്‍ നിര്‍മിച്ച ശിക്കാര ബോട്ടുകള്‍ കോടിമത ജെട്ടിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും വാടകക്ക് നല്‍കാനോ സര്‍വിസ് നടത്താനോ ഡി.ടി.പി.സി തയാറായിട്ടില്ല. ഉയര്‍ന്ന തുകക്ക് ടെന്‍ഡര്‍ ക്ഷണിച്ചതാണ് ബോട്ടുകള്‍ വാടകക്ക് എടുക്കാന്‍ ആരും എത്താതിരിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. വേണ്ടരീതിയിൽ വിനിയോഗിച്ചാല്‍ കായല്‍ വിനോദസഞ്ചാര മേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന പദ്ധതികളാണ് ഇത്തരത്തിൽ മുരടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.