എന്തൊരു പരാജയമാണ് നഗരത്തിലെ ഗതാഗത സംവിധാനം
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് ഒഴിവാക്കിയുള്ള ഗതാഗത സംവിധാനം നഗരത്തെ കുരുക്കിലാക്കുന്നു. ബസ് ബേ നിർത്തലാക്കിയ അന്നു തുടങ്ങിയതാണ് ജനങ്ങളുടെ യാത്രദുരിതം. പൊരിവെയിലിൽ വാഹനങ്ങൾ നിയന്ത്രിച്ച് വലയുകയാണ് ട്രാഫിക് പൊലീസുകാരും. തിരുനക്കര ബസ് ബേയിലൂടെ കയറിയിറങ്ങിപ്പോയ ബസുകളെല്ലാം പോസ്റ്റ് ഓഫിസിനു പിന്നിലൂടെയാണ് പോകുന്നത്. നേരത്തേ പോസ്റ്റ് ഓഫിസ് റോഡിലൂടെ ബസുകൾ കടത്തിവിടില്ലായിരുന്നു. ഇപ്പോൾ എം.സി റോഡിൽനിന്നും കെ.കെ റോഡിൽനിന്നും വരുന്ന ബസുകൾ പോസ്റ്റ് ഓഫിസ് റോഡിലൂടെയാണ് പോകുന്നത്. ഇതാണ് അനിയന്ത്രിത തിരക്കിനു കാരണമാകുന്നത്.
ബസ്സ്റ്റാൻഡിനു മുന്നിൽനിന്ന് തുടങ്ങി പോസ്റ്റ് ഓഫിസിനു മുൻവശം വരെ ബസുകൾ നിർത്തും. ഇതുമൂലം റൗണ്ടാന ഭാഗത്ത് വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് വന്ന് ശാസ്ത്രി റോഡിലേക്കു പോകേണ്ട ബസുകൾ റൗണ്ടാനക്ക് സമീപം തിരിയാൻ തന്നെ സമയമെടുക്കും. ഇതും വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുന്നു. തൊട്ടരികെ വിശാലമായ ബസ്സ്റ്റാൻഡ് ഉള്ളപ്പോഴാണ് ഈ ഗതികേട്. തിരക്ക് അധികമാകുമ്പോൾ ചില ബസുകൾ സ്റ്റാൻഡിലൂടെ ചീറിപ്പായും. വെയ്റ്റിങ് ഷെഡ് നിർമിക്കുന്ന കാര്യം പറഞ്ഞാണ് ബസ് ബേ വൈകിക്കുന്നത്. എന്നാൽ, കനത്ത ചൂടിൽ കെട്ടിടങ്ങളുടെ തണൽ പോലുമില്ലാത്ത റോഡരികിലാണ് ഇപ്പോൾ ജനം ബസ് കാത്തുനിൽക്കുന്നത്. എ.സി കാറിലും എ.സി ഓഫിസിലും ഇരിക്കുന്ന ഭരണാധികാരികൾക്ക് തങ്ങളുടെ ദുരിതം അറിയില്ലെന്നാണ് ജനം പറയുന്നത്.
കനത്തചൂട് മൂലം പലരും ഇരുചക്രവാഹനങ്ങൾ ഉപേക്ഷിച്ച് കാറിലാണ് എത്തുന്നത്. ഇതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. നഗരം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ട്രാഫിക് സിഗ്നൽ ഇല്ലാത്ത ഏകനഗരമാണ് കോട്ടയം. അതുകൊണ്ടുതന്നെ എട്ടോളം പൊലീസുകാരാണ് വെയിലും മഴയും വകവെക്കാതെ ബേക്കർ ജങ്ഷനിലും ആകാശപ്പാതക്കു സമീപവും ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്നത്. വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാൻ പാടുപെടുകയാണ് ജനം.
നേരത്തേ ഗാന്ധി സ്ക്വയറിനു മുന്നിൽ രണ്ടിടത്ത് സീബ്രാവരകൾ ഉണ്ടായിരുന്നു. റോഡുപണി കഴിഞ്ഞതോടെ ഒരു ഭാഗത്തെ സീബ്രാവര പോയി. തിരുനക്കര സ്റ്റാൻഡിലേക്കു കടക്കുന്ന ഭാഗത്തുമാത്രമാണ് ഇപ്പോൾ വരയുള്ളത്. വാഹനങ്ങളുടെ തിരക്ക് വരുന്ന സമയത്ത് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കൈയിൽ പിടിച്ചാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞേ തിരുനക്കര ബസ്സ്റ്റാൻഡിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും ചുറ്റുമതിലും പണിയാൻ ടെൻഡർ വിളിക്കാനാവൂ. നിലവിൽ മൈതാനം നഗരസഭയുടെ പേ ആൻഡ് പാർക്കിങ് സ്ഥലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.