പത്താംതരം തുല്യത പരീക്ഷ: 98 ശതമാനം വിജയം
text_fieldsകോട്ടയം: പ്രായത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി തുല്യത പരീക്ഷ എഴുതിയവര്‍ക്ക് മിന്നും വിജയം. ജില്ലയില്‍ സാക്ഷരത മിഷന്റെ പത്താംതരം തുല്യത പരീക്ഷ എഴുതിയ 266 പേരില്‍ 260 പേരും വിജയിച്ചു. വിജയിച്ചവരില്‍ 179 പേർ സ്ത്രീകളാണ്. എസ്.സി വിഭാഗത്തില്‍ നിന്നുള്ള 45 പേരും എസ്.ടി വിഭാഗത്തിലെ ആറു പേരും ഭിന്നശേഷിക്കാരായ ഏഴുപേരും വിജയിച്ചു.
കടുത്തുരുത്തി പാലക്കുന്നേല്‍ വിനീതയും ഭര്‍ത്താവ് സന്തോഷും ഒരേ സ്കൂളിലിരുന്നാണ് പത്താംതരം പരീക്ഷ എഴുതി വിജയിച്ചത്. കോട്ടയം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സഹോദരിമാരായ ബിന്നിമോളും ഡെന്നിമോളും ഒരുമിച്ചിരുന്ന് പരീക്ഷ എഴുതി വിജയം കണ്ടു.
ജില്ലയില്‍ അഞ്ച് സ്കൂളുകളിലായാണ് പരീക്ഷ നടന്നത്. കോട്ടയം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത്-64 പേര്. കുറവ് -പാലാ എം.ജി.എച്ച്.എസ്.എസില്‍ -37 പേര്.
ചങ്ങനാശ്ശേരി ജി.എം.എച്ച്.എസില്‍ പരീക്ഷ എഴുതി വിജയിച്ച തൃക്കൊടിത്താനം പര്വ്വത്തറ വീട്ടില്‍ കെ.കെ. രവീന്ദ്രനാണ് (72) പ്രായം കൂടിയ പഠിതാവ്. കടുത്തുരുത്തിയില്‍ പരീക്ഷ എഴുതിയ പൂജ എസ്. റെജി (18) യാണ് പ്രായം കുറഞ്ഞ വിജയി. ഒമ്പത് വിഷയങ്ങളില്‍ നടന്ന പരീക്ഷക്ക് പരീക്ഷ ഭവനാണ് നേതൃത്വം നല്‍കിയത്. അതത് സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമാരായി പ്രവര്‍ത്തിച്ചു.
വിജയിച്ചവര്‍ക്ക് സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സില്‍ ചേരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.