കാലാവസ്ഥ വ്യതിയാനം; വാടിത്തളർന്ന് വിളകൾ
text_fieldsകോട്ടയം: മാറിവരുന്ന കാലാവസ്ഥക്കനുസരിച്ച് വിളകളിൽ വാട്ടം നേരിടുന്നതായി കർഷകർ. ഓണവിണിയിലേക്കുള്ള ശീതകാല പച്ചക്കറി കൃഷി, ഏത്തവാഴ തുടങ്ങിയവയാണ് മാറുന്ന കാലാവസ്ഥയുടെയും വിളരോഗങ്ങളുടെയും ഭീഷണി നേരിടുന്നത്. പകൽസമയത്തെ കൊടുംചൂടിൽ തക്കാളി, പയർവർഗങ്ങൾ തുടങ്ങിയവയുടെ തൈകളും വളർന്നുവരുന്ന കായ്കളിലും വാട്ടമുണ്ടാവുകയാണ്.
കപ്പയൊഴികെ എല്ലാത്തിന്റെയും ഉൽപാദനത്തെ കടുത്തചൂട് സാരമായി ബാധിക്കുന്നുണ്ട്. അധികം വൈകാതെ കർഷകരെ കാത്തിരിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ് ജലക്ഷാമം. തോടുകളിലും ജലസ്രോതസ്സുകളിലും ജലത്തിന്റെ അളവ് നേരിയതോതിൽ കുറഞ്ഞുവരുകയാണ്. കഠിനചൂടിനും ജലക്ഷാമത്തിനും ബദലായി കൂടുതൽ ഗുണമേന്മയുള്ള വിത്തിനങ്ങളോ അസംസ്കൃത വസ്തുക്കളോ കൃഷിവകുപ്പിൽ ലഭ്യമല്ലെന്നാണ് കർഷകരുടെ പരാതി.
വാഴയിലകളിലെ ഇലപ്പുള്ളിരോഗം
പാമ്പാടി, കറുകച്ചാൽ മേഖലകളിലാണ് ഓണക്കാലം മുൻകൂട്ടിയുള്ള ഏത്തവാഴകൃഷി നടത്തുന്നത്. കർണാടകയിൽനിന്നും ഇറക്കുമതി ചെയ്യുന്ന മഞ്ചേരിക്കുള്ളൻ, നാടൻ ഏത്തൻ എന്നിവയാണ് അധികവും കർഷകർ കൃഷിചെയ്യുന്നത്. മറ്റ് വാഴത്തൈകളെ അപേക്ഷിച്ച് എട്ടുമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് മഞ്ചേരിക്കുള്ളൻ ഇനത്തിന്റെ പ്രത്യേകത. ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകർക്ക് വെല്ലുവിളിയാണ് ഏത്തവാഴയിൽ ഫംഗസ് മൂലമുണ്ടാകുന്ന ഇലപ്പുള്ളിരോഗം.
ഇലപ്പുള്ളിരോഗം ബാധിക്കുന്ന വാഴയിലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാവുകയും ക്രമേണ ഇലകൾ കരിഞ്ഞുപോവുകയുമാണ്. തഴച്ചുവളരുന്ന തളിരിലകളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. കുലകളുടെ വലുപ്പം കുറയാനിടയുണ്ട്. പുള്ളിക്കുത്തുകൾ കാണപ്പെടുന്ന ഇലകൾ വെട്ടി വാഴയുടെ തടത്തിൽ ഇടുകയാണ് പതിവ്. എന്നാൽ, ഇത് വാഴയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയേറെയാണ്. ചൂടേറിയതോടെ ഫംഗസ് ബാധ രൂക്ഷമാവുകയാണ്.
കൊടുംചൂടിൽനിന്നും വിളകളെ സംരക്ഷിക്കാനാണ് ‘മഴമറ’ പദ്ധതിയിലൂടെ ഗാർഡൻ നെറ്റുകൾ ചെറുകിട കർഷകർക്ക് തദ്ദേശഭരണ സംവിധാനങ്ങളിലൂടെ അനുവദിച്ചിരുന്നത്. മീറ്ററിന് 130 രൂപവരെയാണ് കടകളിൽ ഗാർഡൻനെറ്റിന് വില.
എന്നാൽ, ഇത് എല്ലാവർക്കും ലഭ്യമാകുന്നില്ലെന്നാണ് പരാതി. കൂടുതൽ കർഷകർക്ക് പദ്ധതിയിലൂടെ ഗാർഡൻനെറ്റുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കൃഷിവകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന അഗ്രോക്ലിനിക് പ്രവർത്തനമല്ലെന്നാണ് ആക്ഷേപം.
കാർഷികവിളകൾ നേരിടുന്ന രോഗങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുക എന്നതാണ് അഗ്രോക്ലിനിക്കിന്റെ ചുമതല. രോഗം ബാധിച്ച വിളകളോ കൃഷിയിടമോ സന്ദർശിക്കാൻ കൃഷിവകുപ്പ് അധികൃതർ തയാറാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.