'സ്‌നേഹനിധി'ക്ക് വിടചൊല്ലി സി.എം.എസ്
text_fieldsകോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന സിന്നി റേച്ചല്‍ മാത്യുവിന് (52) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സി.എം.എസ് കോളജിലും വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ആദരവ് സമര്‍പ്പിക്കാന്‍ ശിഷ്യരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപ്പേരാണ് എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു സിന്നി റേച്ചല്‍ മാത്യു.
രാവിലെ മെഡിക്കല്‍ സെന്‍ററില്‍നിന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി.ജോഷ്വയും കോളജ് ബര്‍സാര്‍ റവ. ചെറിയാന്‍ തോമസും ഏറ്റുവാങ്ങിയ ഭൗതികദേഹം കോളജ് ഗ്രേറ്റ് ഹാളില്‍ പൊതു ദര്‍ശനത്തിനുവെച്ചു.
കോളജ് മാനേജ്‌മെന്‍റിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി.ജോഷ്വ ആദരമര്‍പ്പിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ട്രഷററും ബിഷപ്സ് കമ്മിസറിയുമായ റവ. ഡോ. ഷാജന്‍ എ. ഇടിക്കുള, വൈദിക സെക്രട്ടറി റവ. ഡോ. നെല്‍സണ്‍ ചാക്കോ, അത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്, സ്‌കൂള്‍സ് കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് സി.ചെറിയാന്‍, ഇംഗ്ലീഷ് വിഭാഗത്തിന് വേണ്ടി ജേക്കബ് ഈപ്പന്‍ കുന്നത്ത്, പൂര്‍വാധ്യാപകര്‍ക്ക് വേണ്ടി മുന്‍ പ്രിന്‍സിപ്പല്‍ സി.എ എബ്രഹാം, കോളജ് ഓഫിസ് ജീവനക്കാര്‍ക്കുവേണ്ടി എ.ജെ തോമസ്, അധ്യാപക കൂട്ടായ്മയായ ഫോക്കസിന് വേണ്ടി ഷവാസ് ഷരീഫ് എന്നിവര്‍ അനുശോചനം അറിയിച്ചു.
രാവിലെ 10.30ഓടെ ഗ്രേറ്റ് ഹാളില്‍നിന്ന് മൃതദേഹം മുട്ടമ്പലത്തെ വസതിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ന് കലക്ട്രേറ്റിന് സമീപമുള്ള സെന്‍റ് ലാസറസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. 27 വര്‍ഷം സി.എം.എസില്‍ ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ച സിന്നി റേച്ചല്‍ മാത്യു തിങ്കളാഴ്ച പുലര്‍ച്ച ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.