വെളിച്ചെണ്ണ വില കുതിക്കുന്നു
text_fieldsകോട്ടയം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കിലോക്ക് 170ൽനിന്ന് 200-205 രൂപ, ബ്രാൻഡഡ് വെളിച്ചെണ്ണക്ക് 205ൽനിന്ന് 235 എന്നിങ്ങനെയാണ് വില വർധിച്ചത്. ക്വിൻറലിന് 350 രൂപയുടെ വർധനയുണ്ടായതായി വ്യാപാരികൾ അറിയിച്ചു. മൊത്തവിലയിലും ഏറ്റക്കുറച്ചിൽ പ്രകടമാണ്. ചിലയിടത്ത് കിലോക്ക് 210 രൂപവരെ ഈടാക്കുന്നതായും പരാതിയുണ്ട്.
അടുത്ത കാലത്തൊന്നും വെളിച്ചെണ്ണക്ക് ഇത്രയും വർധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മൊത്തവില 150 രൂപയായിരുന്നു. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഈമാസം ആദ്യവാരത്തിൽതന്നെ കിലോക്ക് 200 രൂപ കടന്നിരുന്നു. ബ്രാൻഡഡ് വെളിച്ചെണ്ണ വില ഇനിയും ഉയരുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണക്ക് 250 രൂപവരെ വാങ്ങുന്നുണ്ട്. ചക്കിലാട്ടിയ എണ്ണക്കാണ് ഈവില. കുപ്പി വില കൂടി ഉൾപ്പെടുത്തിയാണ് ഇതെന്ന് കച്ചവടക്കാർ പറയുന്നു. മായം കലർന്ന എണ്ണവിൽപനയും തകൃതിയാണ്. തമിഴ്നാട്ടിൽനിന്നാണ് ഇത് കൂടുതലായും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.