ഉയരെ...ഉയരെ... നാളികേരം
text_fieldsകോട്ടയം: കുടുംബബജറ്റിന്റെ താളംതെറ്റിച്ച് നാളികേര വിലയിൽ കുതിപ്പ്. ദിവസങ്ങൾക്കിടെ ഇരട്ടിയോളമാണ് തേങ്ങ വിലയിലുണ്ടായ വർധനവ്. ജില്ലയിൽ നേരത്തേ കിലോക്ക് 35-42 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴിത് 65-70 രൂപയായി ഉയർന്നിട്ടുണ്ട്.
അടുത്തിടെയൊന്നും നാളികേര വില ഇത്രയും ഉയരത്തിൽ എത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിനൊപ്പം വെളിച്ചെണ്ണ വിലയും ഉയർന്നു. ലിറ്ററിന് 180 രൂപയുണ്ടായിരുന്നത് ഇപ്പോൾ 240-260 രൂപയായി. വെളിച്ചെണ്ണ വില കൂടുന്നതിന്റെ മറവിൽ പാമോയിലിനും ഉൽപാദകർ വില വർധിപ്പിച്ചു. ഇതും സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഓണക്കാലത്തിനുശേഷമാണ് തേങ്ങ-വെളിച്ചെണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായത്. ഓണക്കാലത്ത് വില കുറഞ്ഞുനിന്നത് ആശ്വാസമായിരുന്നെങ്കിലും ഇപ്പോഴത്തെ കുതിച്ചുകയറ്റം സാധാരണക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. അടുക്കളകളിൽനിന്ന് ഒഴിവാക്കാൻ കഴിയാത്ത തേങ്ങയുടെ വിലവർധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വീട്ടമ്മമാരും പറയുന്നു.
തമിഴ്നാട്ടില്‍നിന്നടക്കം നാളികേരവും കൊപ്രയും എത്തുന്നത് കുറഞ്ഞതാണ് വില കൂടാൻ കാരണം. ശബരിമല സീസൺ എത്തുന്നതോടെ വില ഇനിയും ഉയർന്നേക്കാമെന്നും കച്ചവടക്കാർ പറയുന്നു. തേങ്ങ ക്ഷാമത്തിന് പിന്നാലെ കൊപ്രയുടെ ലഭ്യതയും കുറഞ്ഞതാണ് വെളിച്ചെണ്ണ വിലയെ ബാധിച്ചത്. വടക്കേന്ത്യയില്‍ ആവശ്യം വർധിച്ചതും കേരളത്തിലേക്ക് എത്തുന്ന തേങ്ങയുടെ അളവ് കുറയാൻ ഇടയാക്കി. ദീപാവലി സീസൺ പ്രമാണിച്ചാണ് ഉത്തരേന്ത്യയില്‍ വെളിച്ചെണ്ണക്ക് ആവശ്യമേറിയത്.
കേരളത്തോട് ചേർന്നുകിടക്കുന്ന കന്യാകുമാരിയിലും വില വർധിച്ചിട്ടുണ്ട്. ഇവിടെ 60 രൂപവരെയാണ് വില. ജില്ലയിൽ വൈക്കം, തലയാഴം, കുമരകം, വെച്ചൂർ തുടങ്ങിയ മേഖലകളിൽ കാര്യമായ തോതിൽ തേങ്ങ ഉൽപാദനം ഉണ്ടെങ്കിലും ഇത് ആവശ്യത്തിന് പര്യാപ്തമല്ല.
തമിഴ്നാട്ടിൽ നിന്നുള്ള നാളികേരമാണ് വിപണിയിൽ കൂടുതലായി എത്തുന്നത്. ഇപ്പോഴത്തെ വില വർധനവ് ജില്ലയിലെ കേര കർഷകർക്ക് ആഹ്ലാദം പകരുന്നുണ്ടെങ്കിലും പലരുടെയും കൈയിൽ തേങ്ങയില്ലാത്ത സ്ഥിതിയാണ്. ചെല്ലി, വണ്ട് എന്നിവ വ്യാപകമായി തെങ്ങുകൾ നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. തെങ്ങ് കൃഷിയുടെ ചെലവും അനുദിനം വർധിക്കുകയാണ്.
പുതിയ തെങ്ങിൻ തൈകളുടെ വില ഉയർന്നതിനൊപ്പം വളം, കീടനാശിനി എന്നിവക്കും വൻ ചെലവാണ്. കീടശല്യം രൂക്ഷമായതിനാൽ തെങ്ങിന്റെ മുകൾഭാഗം ഇടക്കിടെ വൃത്തിയാക്കി മരുന്ന് തളിക്കേണ്ടിവരുന്നതും ചെലവ് വർധിപ്പിക്കുന്നതായി ഇവർ പറയുന്നു. നിലവിലെ വിപണി നിരക്കിന് അനുപാതികമായി വില ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.