കലക്ടറുടെ നിർദേശം ജലരേഖ; ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ ഇഴയുന്നു
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ നൽകിയ നിർദേശങ്ങൾ ജലരേഖയായതോടെ ജോലി ഇഴയുന്നു. കലക്ടർ വിളിച്ച അവലോകന യോഗത്തിൽ 45 ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുനീക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, 40 ദിവസം പിന്നിട്ടിട്ടും പകുതിപോലും പൊളിച്ചുനീക്കിയിട്ടില്ല.
വേഗത്തിൽ പൂർത്തിയാക്കാനായി രാത്രിയും ജോലി നടത്തണമെന്നും തീരുമാനിച്ചിരുന്നു. ഇതും അട്ടിമറിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.15 വരെ മാത്രമാണ് പൊളിക്കൽ ജോലി നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പൊളിച്ച സ്ഥലങ്ങളിലെ കമ്പികൾ ചെറുതായി മുറിച്ച് കെട്ടിയെടുക്കുന്ന ജോലിയാണ് പ്രധാനമായി നടക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. നഗരത്തിൽ തിരക്ക് ആരംഭിക്കുന്ന സമയത്ത് ജോലി ആരംഭിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
കെട്ടിടത്തിൽ വിള്ളൽ കാണപ്പെടുന്ന പോസ്റ്റ് ഓഫിസ് റോഡിലും ആര്യാഭവൻ ഹോട്ടലിന് സമീപത്തും അടിയന്തരമായി പൊളിക്കൽ ജോലി നടത്തണമെന്ന ആവശ്യവും കരാറുകാർ തള്ളിയെന്ന് വ്യാപാരികൾ പറയുന്നു. ഇത് ജോലിക്കിടെ തകർന്നുവീഴാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട നഗരസഭ നോക്കുകുത്തിയാകുന്നുവെന്നും കൃത്യമായ മേൽനോട്ടത്തിന് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
സുരക്ഷ നടപടികളുടെ ഭാഗമായി ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന ടെമ്പിൾ റോഡ് കഴിഞ്ഞദിവസം അടച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്. വേണ്ടത്ര ആലോചന ഇയില്ലാതെയാണ് റോഡ് അടച്ചതെന്നാണ് പ്രധാന പരാതി. റോഡ് അടച്ചതോടെ വ്യാപാരം ഈഭാഗത്തെ വ്യാപാരസ്ഥാപനങ്ങളെല്ലാം വിജനമായി.
ടെമ്പിൾ റോഡ്, തിരുനക്കര ക്ഷേത്രത്തിനു മുൻവശം, പോസ്റ്റ് ഓഫിസ് റോഡ് എന്നീ സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾക്കും ഓട്ടം ലഭിക്കാത്ത സ്ഥിതിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ടെമ്പിൾ റോഡ് അടച്ചതിന് പിന്നാലെ നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് രണ്ടാംദിവസവും തുടർന്നു. ശനിയാഴ്ച രാവിലെ മുഴുവൻ പൂളിമൂട്, ബേക്കർ ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയായിരുന്നു.
സ്വകാര്യ ബസുകളടക്കം പൊലീസ് നിർദേശം ലംഘിച്ച് യാത്രക്കാരെ ഇറക്കിയതും കയറ്റിയതുമാണ് കുരുക്ക് രൂഷമാക്കിയത്. മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ശാസ്ത്രി റോഡിലോ ബേക്കർ ജങ്ഷനിലോ നിർത്തി യാത്രക്കാരെ കയറ്റണമെന്ന് നിർദേശിച്ചിരുന്നു. പല ബസുകളും ഇത് പാലിച്ചില്ല. യാത്രക്കാരെ വിളിച്ചുകയറ്റാനായി കൂടുതൽ സമയം നിർത്തിയിടുന്നതും കുരുക്ക് രൂക്ഷമാക്കി.
ബസുകൾ പലയിടങ്ങളിലായി നിർത്തിയത് മെഡിക്കൽ കോളജിലേക്കടക്കമുള്ള യാത്രക്കാരെയും വലച്ചു. ജില്ല ഭരണകൂടം ഇടപെട്ട് വേഗത്തിൽ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. കൂടുതൽ ജോലിക്കാരെ നിയോഗിക്കാൻ കരാറുകാരന് നിർദേശം നൽകണമെന്നാവശ്യവും ഇവർ ഉയർത്തുന്നു.
കെട്ടിടം പൊളിക്കുന്നത് ലേല വ്യവസ്ഥ ലംഘിച്ച് -വൈസ് ചെയർമാൻ
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നത് ലേലവ്യവസ്ഥകൾ ലംഘിച്ചെന്ന് നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ കെട്ടിടം പൊളിക്കണമെന്നാണ് വ്യവസ്ഥ. അത് ലംഘിച്ചാണ് പകൽസമയത്ത് പൊളിച്ചുമാറ്റുന്നത്.
ഇക്കാര്യത്തിൽ ജില്ല ഭരണകൂടം ഇടപെടണം. വ്യാപാരികൾക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടായ ഗതാഗതപരിഷ്കാരം പിൻവലിക്കണം. ടെമ്പിൾ റോഡ് അടച്ചത് അമ്പലത്തിലേക്ക് വരുന്നവർക്കും ബുദ്ധിമുട്ടാകുന്നു. ഇക്കാര്യങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ ജില്ല ഭരണകൂടത്തിനും നഗരസഭക്കുമെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.