ജീവനക്കാരനെതിരെ പൊലീസിൽ പരാതി; കോട്ടയം നഗരസഭയിൽ മൂന്നുകോടിയുടെ തട്ടിപ്പ്
text_fieldsകോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി. ഇയാൾക്കെതിരെ നഗരസഭ സെക്രട്ടറി കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി. വർഗീസിനെതിരെയാണ് പരാതി. നിലവിൽ ഇയാൾ വൈക്കം നഗരസഭയിലാണ് ജോലി ചെയ്യുന്നത്. പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ പെൻഷൻ നൽകേണ്ടവരുടെ പട്ടികയിലില്ലാത്ത പി. ശ്യാമള എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് മാസങ്ങളായി അനധികൃതമായി വൻ തുക അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
അഖിലിന്റെ മാതാവിന്റെ പേര് പി. ശ്യാമളയെന്നാണെന്ന് അറിയുന്നതായും നഗരസഭ നൽകിയ പരാതിയിൽ പറയുന്നു. വാർഷിക കണക്ക് പരിശോധനയിൽ സംശയം തോന്നിയതോടെ നഗരസഭ പെൻഷൻകാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിലാണ് അനധികൃത അക്കൗണ്ട് കണ്ടെത്തിയത്. പി. ശ്യാമളയെന്ന പേരിൽ ആരും ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. അഖിൽ പെൻഷൻവിഭാഗം കൈകാര്യം ചെയ്യാൻ ആരംഭിച്ചതു മുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്ന് നഗരസഭയുടെ പരാതിയിൽ പറയുന്നു. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്പോർട്ട് മരവിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 മാർച്ചിലാണ് ഇയാൾ കോട്ടയം നഗരസഭയിലേക്ക് സ്ഥലംമാറിയെത്തുന്നത്. അടുത്തിടെ വൈക്കത്തേക്ക് സ്ഥലം മാറി. നാലുവർഷമായി തനത്ഫണ്ടിൽനിന്ന് ഇത്രയും തുക വകമാറിയിട്ടും ഉദ്യോഗസ്ഥരോ ഭരണസമിതിയോ അറിയാതെ പോയെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.