റേഷൻ കടകളിൽ പരാതിപ്പെട്ടി വരുന്നു; ആഴ്ചയിൽ റേഷനിങ് ഇൻസ്പെക്ടർമാർ പരാതികൾ പരിഹരിക്കും
text_fieldsകോട്ടയം: പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്ക് മുന്നിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. താൽക്കാലികമായി റദ്ദുചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ പരാതിപ്പെട്ടിയിലൂടെ നൽകുന്ന പരാതികൾ എല്ലാ ആഴ്ചയിലും റേഷനിങ് ഇൻസ്പെക്ടർമാർ ശേഖരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. തുടർ നടപടിക്കായി റേഷൻ കട-താലൂക്ക്തല വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കും. റേഷൻ കാർഡുകളിലെ പിശകുകൾ തിരുത്താനും വിവരങ്ങൾ ഉൾക്കൊള്ളിക്കാനും നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ'പദ്ധതി ആരംഭിക്കും.
ജനുവരിയിൽ തെറ്റുകളില്ലാത്ത റേഷൻ കാർഡുകൾ നിലവിൽ വരും. അഞ്ചു ശതമാനം കാർഡുകൾ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്നിനകം ഇവ ആധാറുമായി ബന്ധിപ്പിക്കണം. മുൻഗണന കാർഡുകളടക്കം സംശുദ്ധമാക്കാനുള്ള ഊർജിത നടപടി സ്വീകരിക്കും. ജനുവരി ഒന്നു മുതൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫിസുകൾ പൂർണമായി ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറും. ഡിസംബർ ഒന്നു മുതൽ ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളിൽ സഹായകേന്ദ്രം ആരംഭിക്കും.
ഡിസംബർ 15 നുള്ളിൽ റദ്ദുചെയ്ത ലൈസൻസുകളിൽ അന്തിമ തീരുമാനമെടുത്ത് പുതിയ ലൈസൻസുകൾ അനുവദിക്കൂ. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താൻ രണ്ടു കിലോമീറ്ററിനുള്ളിൽ ഒരു റേഷൻ കട എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. രണ്ടിലധികം കടകൾ ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായി നടപടിയെടുക്കും. ഡിസംബർ 15 നുള്ളിൽ എല്ലാ ജില്ലകളിലും അദാലത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
686 പരാതികൾ
സംസ്ഥാനതലത്തിൽ 686 പരാതികളാണ് അദാലത്തിൽ ഉൾപ്പെടുത്തിയത്. നിലവിൽ 21,000 വാർഡുകളിൽ 14,245 വാർഡുകളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി 599 ലൈസൻസുകൾ റദ്ദുചെയ്തു. വിവിധ പ്രശ്നങ്ങളാൽ താൽക്കാലികമായി നിർത്തലാക്കിയ 686 റേഷൻ കടകളുടെ പരാതികളാണ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളിൽ തീർപ്പാക്കുന്നത്.
കോട്ടയത്ത് നേരിട്ട് ലഭിച്ച പരാതികൾ ഉൾപ്പെടെ 74 പരാതികൾ പരിഗണിച്ചു. കോട്ടയം -37, കാഞ്ഞിരപ്പള്ളി - നാല്, ചങ്ങനാശ്ശേരി - അഞ്ച്, മീനച്ചിൽ - 12, വൈക്കം - ഒമ്പത് എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ലഭിച്ച പരാതികൾ. 23 കടകളുടെ അപേക്ഷ പരിഹരിച്ചു. 32 കടകൾക്ക് നോട്ടീസ് നൽകും. രണ്ട് കടകളുടെ ലൈസൻസ് റദ്ദാക്കി. അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മൂന്നു കടകൾക്ക് അവസരം നൽകി. പുതുതായി റിപ്പോർട്ട് ലഭിക്കേണ്ട വിഷയത്തിൽ നാലു കടകൾക്ക് മൂന്നുമാസം സമയം നൽകി. ലൈസൻസ് ലഭിക്കുന്നത് സംബന്ധിച്ച് നൽകേണ്ട സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ രണ്ടു കടകൾക്ക് ഒരാഴ്ച സമയം അനുവദിച്ചു. ലഭിച്ച പരാതികളിൽ 29 എണ്ണം അനന്തരാവകാശ തർക്കവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷതവഹിച്ചു. ദക്ഷിണമേഖല റേഷനിങ് കൺട്രോളർ അനിൽ രാജ്, ജില്ല സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.