കലക്ടർക്ക് പരാതി നൽകി; നാട്ടുകാർക്ക് തലവേദനയായി തടയണ
text_fieldsനെടുമണ്ണി: അശാസ്ത്രീയമായി നെടുമണ്ണി തോട്ടിൽ നിർമിച്ച തടയണ നാട്ടുകാർക്ക് തലവേദനയാകുന്നു. ശക്തമായ മഴപെയ്താൽ നെടുമണ്ണി തോട്ടിലെ തടയണ കവിയും.
ഇടവെട്ടാൽ ഭാഗത്തെ ഒമ്പത് വീടുകളിൽ പതിവായി വെള്ളംകയറും. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗത്തെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിലാകും. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഓരോ മഴക്കാലത്തും ഇവിടെ ഉണ്ടാകുന്നത്. ഒരുമാസത്തിനിടയിൽ പലതവണ വെള്ളംകയറി.പ്രദേശത്തെ കൃഷി പൂർണമായി നശിച്ചു. എല്ലാവർഷവും വെള്ളം കയറുന്നതിനാൽ ഈ പ്രദേശത്തെ വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടം വലുതാണ്. വീട്ടുപകരണങ്ങളടക്കം നശിക്കും. എല്ലാവർഷവും വീട് വിട്ടുമാറേണ്ട അവസ്ഥയാണ് ഇവർക്ക്.
ഒരു തടസ്സവുമില്ലാതെ ഒഴുകിയിരുന്ന നെടുമണ്ണി തോട്ടിൽ കങ്ങഴ പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഭാഗമായി തടയണ നിർമിച്ചതാണ് പ്രശ്നമായത്. എട്ടുവർഷം മുമ്പ് അശാസ്ത്രീയമായി നിർമിച്ച തടയണ മഴക്കാലത്ത് പെട്ടെന്ന് നിറയും.
ഇതോടെ തോട്ടിലെ ജലനിരപ്പ് ഉയരുന്നതും ഇരുവശത്തും വെള്ളം കയറുന്നതും പതിവാണ്. ശക്തമായി മഴ പെയ്താൽ മണിമല റോഡിലും വെള്ളം കയറി ഗതാഗതവും മുടങ്ങും. വേനൽക്കാലത്ത് തടയണയിൽ മാലിന്യം കെട്ടിനിൽക്കുന്നതും പ്രശ്നമാണ്. തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രദേശവാസികൾ പഞ്ചായത്തുകളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം നെടുംകുന്നം പഞ്ചായത്തിലെത്തിയ കലക്ടർക്ക് നാട്ടുകാർ വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.