കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
text_fieldsപാലാ: ദുബൈയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയശേഷം ഇറാനിൽ കൊണ്ടുപോയി വഞ്ചിച്ചതായി പരാതി. ഇത്തരത്തിൽ ചൂഷണത്തിനിരയായവരിൽ ചിലർ രക്ഷപ്പെട്ട് കേരളത്തിലെത്തി. ഇനിയും പാലാ സ്വദേശികളുൾപ്പെടെയുള്ളവർ രക്ഷപ്പെടുവാൻ സാധിക്കാതെ ഇറാനിൽ കിടക്കുകയാണെന്ന് രക്ഷപ്പെട്ടവർ പറയുന്നു. യുവാക്കളെ കബളിപ്പിച്ച ഏജന്റുമാർക്കെതിരെ ബന്ധുക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
മുംബൈയിൽനിന്ന് ദുബൈയിലെത്തിച്ച ഇവർക്ക് മാസങ്ങളോളം ജോലി നൽകിയില്ല. മറ്റൊരു സ്ഥലത്ത് കപ്പലിൽ ജോലി നൽകാമെന്ന് പറഞ്ഞ് പിന്നീട് ഇവരെ വെസലിൽ കയറ്റി ഇറാനിലെ ഒരു തുറമുഖത്തേക്ക് കൊണ്ടുപോയി. അവിടെ ചെറിയൊരു മുറിയിൽ നിരവധി ആളുകളെ ആഴ്ചകളോളം താമസിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും രക്ഷപ്പെട്ടെത്തിയ യുവാക്കളും പറയുന്നു. ഇറാനിൽ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെ നാട്ടിലേക്ക് ഫോൺ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ ഏജന്റുമാരായി വിളിച്ച് സംസാരിച്ചതിനെത്തുടർന്ന് ഇവർക്ക് ഇറാനിൽ ചെറിയ കപ്പലുകളിൽ ജോലിനൽകി. സുരക്ഷ സൗകര്യങ്ങളില്ലാത്ത പഴകിയ കപ്പലുകളിൽ ജീവൻ പണയംവെച്ച് ഒമ്പത് മാസത്തോളം ജോലിചെയ്ത ഇവർക്ക് ശമ്പളം നൽകിയില്ല. നാട്ടിലേക്ക് തിരിച്ചുപോകുവാൻ ആവശ്യമായ രേഖകളും നൽകുവാൻ കപ്പൽ അധികൃതർ തയാറായില്ല. കമ്പനിയിലെ ചില ജീവനക്കാർക്ക് ദയ തോന്നിയതിനെത്തുടർന്നാണ് ഏതാനും ചിലർക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.