റോഡ് നിര്‍മാണത്തിനെതിരെ വ്യാപക പരാതി: പൊട്ടിപ്പൊളിഞ്ഞ് റോഡ്; കാണാത്ത മട്ടിൽ അധികൃതർ
text_fieldsകൊക്കയാര്‍: കോടികള്‍ മുടക്കി നിര്‍മാണം നടത്തുന്ന റോഡിന്റെ നിര്‍മാണത്തില്‍ അഴിമതിയാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. ടാറിങ് നടത്തി അഞ്ചാംദിവസം പിന്നിടുംമുമ്പേയാണ് കിലോമീറ്ററുകളോളം ദൂരത്തില്‍ 35-ാംമൈല്‍-കൂട്ടിക്കല്‍- നെടുമ്പാശ്ശേരി റോഡ് തകര്‍ന്നുതരിപ്പണമായത്. സംസ്ഥാന ഹൈവേയായി ഉയര്‍ത്തിയ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം നടത്തിവന്നിരുന്നത്. കൂട്ടിക്കല്‍-ചപ്പാത്ത്-കൊക്കയര്‍-35-ാംമൈല്‍ ഭാഗത്താണ് ജോലി നടന്നുവന്നിരുന്നത്. ചപ്പാത്ത് ഭാഗം മുതല്‍ മുപ്പത്തിയഞ്ചാം മൈല്‍ വരെ ഭാഗങ്ങള്‍ ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഇവിടെ കൂടുതലും അപകടത്തില്‍പെടുന്നത്. ബോയ്സ് എസ്റ്റേറ്റ് ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കൊക്കയാര്പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തും കുഴി രൂപാന്തരപ്പെട്ടുകഴിഞ്ഞു. എന്നാൽ അധികാരികളുടെ മൂക്കിന് മുമ്പില്‍ റോഡ് തകര്‍ന്നിട്ടും ഇവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് നിര്‍മാണത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. റോഡിന്റെ വശങ്ങളിലെ പലഭാഗവും ടാറിങ് അപര്യാപ്തത മൂലം മഴവെള്ളത്തില്‍ ഒഴുകിപ്പോയിട്ടുണ്ട്. ഓലിക്കപ്പാറ ജങ്ഷനിലെ വളവില്‍ റോഡിന്റെ വശങ്ങളിലെ അടിഭാഗം തകര്‍ന്ന നിലയിലാണ്. ഇവിടെയും അപകടം പതിവുകാഴ്ചയാണ്. തമിഴ്നാട്, കുമളി തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെടുമ്പാശ്ശേരിയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള പ്രധാന മാര്‍ഗമാണിത്. കൂടാതെ ദേശീയപാതക്ക് സമാന്തര റോഡ് ആയിട്ടും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൊക്കയാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ടൂറിസം മേഖലകളായ ഉറുമ്പിക്കര, വെംബ്ലി വെള്ളച്ചാട്ടം തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിനുമുകളില്‍ അടുത്തഘട്ട നിര്‍മാണം നടത്തിയാല്‍ വീണ്ടും ഇതേ അവസ്ഥയിലാകുമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.