വൈക്കത്ത് സി.പി.ഐയിൽ ചേരിപ്പോര്
text_fieldsകോട്ടയം: ജില്ലയിലെ ഏക വനിത ലോക്കൽ സെക്രട്ടറിയുടെ സ്ഥാനചലനത്തിനു പിന്നാലെ, വൈക്കത്ത് സി.പി.ഐയിൽ ചേരിപ്പോര്. തലയാഴം ലോക്കൽ സെക്രട്ടറിയുടെ മാറ്റമാണ് സി.പി.ഐയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്. വിഭാഗീയതയെതു ടർന്നാണ് സ്ഥാനനഷ്ടമെന്നാണ് ആക്ഷേപം.
ഉല്ലല്ല സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഇവർ നേതൃത്വത്തിനെതിരെ സ്വീകരിച്ച നിലപാടാണ് മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. സി.ഡി.എസ് ചെയർപേഴ്സൻ സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഇവർ ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ, ഇതുവരെ ഇവർക്ക് സി.ഡി.എസ് ചെയർപേഴ്സൻ സ്ഥാനം നൽകിയിട്ടില്ല. മനഃപൂർവം ഇവരെ സ്ഥാനത്തുനിന്ന് മാറ്റുകയാണെന്നാണ് ആരോപണം. ഇതിനെച്ചൊല്ലി പാർട്ടിയിൽ അമർഷം ശക്തമാണ്. പലരും മെംബർഷിപ് പുതുക്കിയില്ലെന്നും വിവരമുണ്ട്. സി.പി.ഐയുടെ ശക്തികേന്ദ്രമായ വൈക്കത്ത് അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
ഇതിനുപിന്നാലെയാണ് വിവിധ ആരോപണങ്ങൾ ഉന്നയിച്ച് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജി നൽകിയത്. ഉദയനാപുരം സർവിസ് ബാങ്കിലെ തെരഞ്ഞെടുപ്പിൽ ആരോപണ വിധേയരെ മത്സരിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹത്തിന്റെ രാജി. ഇദ്ദേഹം ഉയർത്തിയ പരാതി അണികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ജില്ല സമ്മേളനകാലത്ത് ശക്തമായ വിഭാഗീയ പ്രവർത്തനങ്ങളായിരുന്നു കോട്ടയത്ത് അരങ്ങേറിയത്. ഇത് ഇപ്പോഴും തുടരുന്നതായാണ് സൂചനകൾ.
അടുത്തിടെ ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ഉയർന്ന പരാതി അന്വേഷിക്കാൻ സംസ്ഥാന നിർവാഹക സമിതി യോഗം രണ്ടംഗ സമിതിയെ നിയാഗിച്ചിരുന്നു. കെ.പി. രാജേന്ദ്രൻ, കമല സദാനന്ദൻ എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്.
ഇതിനെച്ചൊല്ലിയും ഭിന്നത രൂക്ഷമാണ്. കാനം പക്ഷക്കാരനായിരുന്ന നേതാവിനെതിരെ ഉയർന്ന പരാതിക്ക് പിന്നിൽ എതിർവിഭാഗമാണെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തൽ. രഹസ്യനീക്കങ്ങൾക്ക് ജില്ലയിലെ മറ്റൊരു പ്രമുഖനും പിന്തുണ നൽകിയതായാണ് ഇവർ സംശയിക്കുന്നത്. ജില്ലയിലെ കാനം പക്ഷത്തെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ഇവർ വിലയിരുത്തുന്നു.
സ്വന്തം ജില്ലയിൽ വിഭാഗീയതയും സ്വഭാവദൂഷ്യമടക്കമുള്ള ആരോപണങ്ങളും നിരന്തരം ഉയരുന്നത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.