കോട്ടയത്ത് ‘ആകാശ’പ്പോര്; ശനിയാഴ്ച കോൺഗ്രസിന്റെ ഉപവാസവും സി.പി.എമ്മിന്റെ മാർച്ചും
text_fieldsകോട്ടയം: ആകാശപ്പാതയെ ചൊല്ലിയുള്ള സി.പി.എം-കോൺഗ്രസ് പോര് കനക്കുന്നു. ആകാശപ്പാത പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഉപവാസം നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ആകാശപ്പാതയിലെ കമ്പികളും തൂണുകളും ഉയർത്തുന്ന സുരക്ഷാഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മാർച്ചും പ്രഖ്യാപിച്ചു.
ശനിയാഴ്ചയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഉപവാസം. സർക്കാർ ഇടപെട്ട് പദ്ധതി മുടക്കുകയാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അശാസ്ത്രീയമായ നിർമാണമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നാണ് സി.പി.എം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുനേതൃത്വങ്ങളും വാർത്തസമ്മേളനങ്ങളും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച ആകാശപ്പാതക്ക് സമീപം ഉപവാസം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.
തൊട്ടുപിന്നാലെയാണ് ഇതേദിവസം തന്നെ സി.പി.എം സമരം പ്രഖ്യാപിച്ചത്. നഗരത്തിൽ സുരക്ഷാഭീഷണിയുയർത്തി നിൽക്കുന്ന ആകാശപ്പാതയുടെ അസ്ഥികൂടത്തിലേക്ക് ശനിയാഴ്ച ജനകീയ മാർച്ച് നടത്തുമെന്നാണ് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ അറിയിപ്പ്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന മാർച്ച് ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിന് നാണക്കേടായി നിൽക്കുന്ന ഉരുക്ക് റൗണ്ടുകൾ ജനങ്ങളിൽ ഭീതിയുയർത്തുകയാണ്.
വർഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാതെ, പണിതീരാത്തതിന്റെ കുറ്റം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാതെ നിർമാണോദ്ഘാടനം നടത്തി ജനങ്ങളെ കബളിപ്പിച്ചതെന്തിന് എന്നതടക്കം ചോദ്യങ്ങളുയർത്തിയാണ് മാർച്ചെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ആകാശപ്പാതയെ തള്ളി കഴിഞ്ഞദിവസം ഗതാഗതമന്ത്രി രംഗത്തെത്തിയതോടെ വീണ്ടും ചർച്ചകൾ സജീവമായത്. ആകാശപ്പാത നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി ഗണേഷ്കുമാർ സൂചന നൽകിയത്.
ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി നിൽക്കുന്ന ആകാശപ്പാത പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. എന്നാല്‍, കോട്ടയം ആകാശപ്പാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്നായിരുന്നു ഗണേഷിന്റെ മറുപടി. കോട്ടയത്തിന്റെ ഭാവി വികസനത്തിന് പദ്ധതി തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.